വ്യക്തിഗത നേട്ടങ്ങളിൽ തന്റെ പ്രധാന എതിരാളിയായിരുന്ന റൊണാൾഡോ ടീം വിട്ടതോടെ മെസിയുടെ ഫോമിലും ഇടിവു സംഭവിച്ചിട്ടുണ്ടെന്നാണ് താരത്തിന്റെ എൽ ക്ലാസികോ പ്രകടനം വ്യക്തമാക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിലും റയൽ മാഡ്രിഡിനെതിരെ ഗോൾ നേടാൻ പരാജയപ്പെട്ടതോടെ തുടർച്ചയായ ഏഴാമത്തെ എൽ ക്ലാസികോയിലാണ് മെസിയുടെ ബൂട്ടുകൾ നിശബ്ദമാകുന്നത്.
2017/18 സീസണിൽ റയൽ മാഡ്രിഡും ബാഴ്സലോണയും 2-2നു സമനിലയിൽ പിരിഞ്ഞ മത്സരത്തിലാണ് മെസി അവസാനമായി എൽ ക്ലാസികോ ഗോൾ നേടുന്നത്. ഇതു വ്യക്തമാക്കുന്നത് റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം പിന്നീടിതു വരെ ഒരു എൽ ക്ലാസികോയിൽ പോലും അർജന്റീന താരം ലക്ഷ്യം കണ്ടിട്ടില്ലെന്നു തന്നെയാണ്.
അതേസമയം മെസിയുടെ ഈ സീസണിലെ ഫോം ആരാധകർക്ക് വളരെയധികം ആശങ്ക സൃഷ്ടിക്കുന്നതാണ്. സീസൺ ആരംഭിച്ചതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ വിയ്യാറയലിനെതിരെ പെനാൽട്ടിയിലൂടെ വലകുലുക്കിയ മെസി അതിനു ശേഷം നടന്ന നാലു മത്സരങ്ങളിൽ ഒരു ഗോളോ അസിസ്റ്റോ സ്വന്തമാക്കിയിട്ടില്ല. ഇതിനു മുൻപ് 2014ലാണ് ഇത്രയും മോശം ഫോമിൽ താരം കളിച്ചിട്ടുള്ളത്.
നിരവധി പ്രതിസന്ധികളിലൂടെ ക്ലബ് കടന്നു പോയ ഒരു സീസണു ശേഷമാണ് ബാഴ്സലോണയിൽ തുടരാനുള്ള തീരുമാനം മെസിയെടുത്തത്. ബാഴ്സലോണ വിടണമെന്ന് ആഗ്രഹിച്ച താരത്തെ പൊസിഷൻ മാറ്റി കളിപ്പിക്കുന്നതിന്റെ പ്രശ്നങ്ങൾ മെസിയുടെ ഫോമിനെ ബാധിച്ചിട്ടുണ്ട്. എന്നാൽ താരം ഇതിനെ മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.