നോട്ടുബുക്കിൽ എല്ലാം കുറിച്ചിട്ടിട്ടുണ്ട്, സത്യങ്ങൾ ഉടനെ വെളിപ്പെടുത്തുമെന്ന് റൊണാൾഡോ
തന്റെ ഭാവിയുമായി ബന്ധപ്പെട്ടുയർന്ന നിരവധിയായ അഭ്യൂഹങ്ങളെ കുറിച്ചുള്ള സത്യാവസ്ഥ ഉടനെ വെളിപ്പെടുത്തുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബിലെ തന്റെ ഭാവിയെ സംബന്ധിച്ച് പുറത്തു വന്ന റിപ്പോർട്ടുകൾ മാധ്യമങ്ങൾ സൃഷ്‌ടിച്ച നുണകളാണെന്നും ഏതാനും ആഴ്‌ചകൾക്കുള്ളിൽ നൽകുന്ന അഭിമുഖത്തിലൂടെ ഇതിന്റെ സത്യാവസ്ഥ എല്ലാവർക്കും ബോധ്യപ്പെടുമെന്നും താരം പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയാത്തതിനാൽ തുടക്കം മുതൽ തന്നെ റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമായിരുന്നു. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ അഭ്യർത്ഥന നൽകിയെന്ന വാർത്തയും അതിനിടെ പുറത്തു വന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതാനും ക്ലബുകളെയും താരത്തെയും സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നു വന്നുവെങ്കിലും റൊണാൾഡോയെ വിട്ടു നൽകാൻ പദ്ധതിയില്ലെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം ആവർത്തിച്ചു വ്യക്തമാക്കിയത്.
അതേസമയം തന്നെക്കുറിച്ച് വന്ന വാർത്തകളിൽ അഞ്ചു ശതമാനം മാത്രമേ സത്യമുള്ളൂവെന്നാണ് റൊണാൾഡോ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഇട്ട കമന്റിലൂടെ പ്രതികരിച്ചത്. “ഏതാനും ആഴ്ചകൾക്കുള്ളിൽ നടത്തുന്ന അഭിമുഖത്തിലൂടെ സത്യം എന്താണെന്ന് അവർ അറിയും. മാധ്യമങ്ങൾ നുണ പറയുന്നു. എന്റെ കയ്യിലുള്ള നോട്ട്ബുക്കിൽ കഴിഞ്ഞ മാസങ്ങളിൽ വന്ന നൂറു വാർത്തകളുണ്ട്. അതിൽ അഞ്ചെണ്ണം മാത്രമാണ് സത്യം. അതെങ്ങിനെയിരിക്കുമെന്ന് ആലോചിച്ചു നോക്കൂ.” റൊണാൾഡോ പറഞ്ഞു.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ ഇപ്പോഴും പൂർണമായും സംതൃപ്തനല്ലെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രീമിയർ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയിരുന്നു. ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് താരത്തിന് മറ്റൊരു ക്ലബ്ബിനെ തേടുകയാണ് ഏജന്റായ ജോർജ് മെൻഡസ്. കഴിഞ്ഞ സമ്മർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതു പോലെയൊരു ട്രാൻസ്‌ഫർ ഇത്തവണയും പ്രതീക്ഷിക്കാവുന്നതാണ്.