റെക്കോർഡുകൾ പഴങ്കഥകളാക്കുന്നതിനു പേരുകേട്ട റൊണാൾഡോ മറ്റൊരു ചരിത്ര നേട്ടത്തിനരികെ. സാസുവോളക്കെതിരെ അടുത്തു നടക്കുന്ന സീരി എ മത്സരത്തിൽ ഗോൾ നേടാനായാൽ പ്രീമിയർ ലീഗ്, ലാലിഗ, സീരി എ എന്നീ ടൂർണമെൻറുകളിൽ അൻപതു ഗോളുകൾ നേടുന്ന ആദ്യത്തെ കളിക്കാരനായി പോർച്ചുഗൽ നായകൻ മാറും.
നിലവിൽ രണ്ടു സീസണുകൾ ഇറ്റലിയിൽ കളിച്ച റൊണാൾഡോ 69 മത്സരങ്ങളിൽ നിന്നാണ് 49 ഗോളുകൾ നേടിയിരിക്കുന്നത്. എഴുപതാം മത്സരത്തിൽ അൻപതാം ഗോൾ നേടാനായാൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി റൊണാൾഡോ മാറും. ആന്ദ്രേ ഷെവ്ചെങ്കോ 69 മത്സരങ്ങളിൽ നിന്നും അൻപതു ഗോൾ നേടിയിട്ടുണ്ട്.
2018ൽ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലേക്കു ചേക്കേറിയ റൊണാൾഡോ അതിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്നു. പ്രീമിയർ ലീഗിൽ 84 ഗോളുകൾ നേടിയ താരം റയലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനാണ്. 311 ഗോളുകളാണ് താരം റയലിനായി നേടിയിരിക്കുന്നത്.
അതേ സമയം മൂന്നു ലീഗുകളിൽ അൻപതു ഗോളുകൾ നേടിയ മറ്റൊരു താരം കൂടിയുണ്ട്. ഇറ്റലി, ഇംഗ്ലണ്ട്, ജർമനി എന്നീ ലീഗുകളിൽ അൻപതു ലീഗ് ഗോളുകൾ നേടിയ എഡ്വിൻ സെക്കോയാണത്.