റൊണാൾഡോയുടെ നാല് ഗോൾ പ്രകടനം, നിലപാട് മാറ്റി അൽ നസ്ർ പരിശീലകൻ |Cristiano Ronaldo

സൗദി ലീഗ് ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ നടത്തിയത്. ടീം നാല് ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ഒരു പെനാൽട്ടിയടക്കം നാല് ഗോളുകളും റൊണാൾഡോ തന്നെയാണ് നേടിയത്. ഇതോടെ സൗദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കാനും റൊണാൾഡോയുടെ ക്ലബായ അൽ നസ്റിനു കഴിഞ്ഞു.

അൽ നസ്റിന് വേണ്ടിയുള്ള ആദ്യത്തെ മത്സരങ്ങളിൽ അത്ര മികച്ച പ്രകടനം നടത്താൻ റൊണാൾഡോക്ക് കഴിഞ്ഞില്ലായിരുന്നു. നിരവധി ഓപ്പൺ ചാൻസുകൾ ഈ മത്സരങ്ങളിൽ താരം നഷ്‌ടപ്പെടുത്തുന്നതും കണ്ടു. ഇതേത്തുടർന്ന് ആദ്യത്തെ മത്സരം കഴിഞ്ഞപ്പോൾ തന്നെ മുന്നേറ്റനിരയിൽ റൊണാൾഡോയെ മാത്രം തിരയുന്ന സ്വഭാവം സഹതാരങ്ങൾ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് പരിശീലകൻ റൂഡി ഗാർസിയ നൽകിയിരുന്നു.

കളിക്കാർ സ്വാഭാവികമായ പ്രകടനം നടത്തണമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാത്രം തിരയുന്നത് അവസാനിപ്പിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. റൊണാൾഡോയും ടലിസ്‌കയും വ്യത്യാസം സൃഷ്‌ടിക്കാൻ കഴിവുള്ള താരങ്ങളാണെങ്കിലും കളിക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിന് ശേഷം തന്റെ നിലപാടിൽ മാറ്റം വരുത്തിയ പരിശീലകനെയാണ് കാണാൻ കഴിയുന്നത്.

“റൊണാൾഡോ തന്റെ സഹതാരങ്ങൾക്കൊപ്പം വളരെയധികം ഇണങ്ങിച്ചേർന്നു കൊണ്ടിരിക്കുന്നു. സമയം പിന്നിട്ടപ്പോൾ സഹതാരങ്ങൾക്ക് മനസിലായി എന്താണ് താഹാരത്തിനു വേണ്ടതെന്നും എപ്പോഴാണ് റൊണാൾഡോ ഗോൾ നേടുകയെന്നും. ഈ മത്സരത്തിൽ നാല് ഗോളുകൾ നേടിയതിനാൽ തന്നെ റൊണാൾഡോക്കൊരു ശുഭരാത്രി ആയിരിക്കുമെന്ന് തോന്നുന്നു.” മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

റൊണാൾഡോക്ക് ആവശ്യമുള്ളപ്പോഴെല്ലാം പന്ത് നൽകാമെന്നാണ് ഇതിലൂടെ പരിശീലകൻ ഉദ്ദേശിച്ചതെന്ന് വ്യക്തം. ടീമിനായി നാല് ഗോളുകൾ നേടിയത് വരും മത്സരങ്ങളിൽ റൊണാൾഡോയുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ടീമിലെ മറ്റു താരങ്ങളുമായി കൂടുതൽ ഒത്തിണക്കം കാണിക്കുന്നതിനാൽ കൂടുതൽ ഗോളുകളും റൊണാൾഡോയിൽ നിന്നും ഇനി പ്രതീക്ഷിക്കാം.

Rate this post
Cristiano Ronaldo