ഖത്തർ ലോകകപ്പിന് ശേഷവും പോർച്ചുഗൽ ജേഴ്സിയിൽ റൊണാൾഡോയെ കാണാം |Cristiano Ronaldo

37 കാരനായ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിന്റെ സന്ധ്യയിലാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടാൻ ശ്രമിച്ചതിന് ശേഷം ഈ സീസണിൽ ഭൂരിഭാഗവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബെഞ്ചിൽ ആണ് റൊണാൾഡോയുടെ സ്ഥാനം.

ചാമ്പ്യൻസ് ലീഗ് കളിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് റൊണാൾഡോ ക്ലബ് മാറാൻ ആഗ്രഹിച്ചത് .എന്നാൽ യൂറോപ്പിൽ നിന്ന് കൃത്യമായ ഓഫറുകളൊന്നും താരത്തിന് എത്തിയില്ല.നിലവിൽ പോർച്ചുഗലിനൊപ്പം അന്താരാഷ്ട്ര ഡ്യൂട്ടിയിലുള്ള അദ്ദേഹം ഇന്നലെ 2022 ലെ ഗാല ക്വിനാസ് ഡി ഔറോയിൽ മികച്ച ദേശീയ സ്‌കോറർക്കുള്ള അവാർഡ് സ്വീകരിച്ചു. ഖത്തർ വേൾഡ് കപ്പിന് ശേഷം അന്തരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കില്ലെന്നും 2024 യൂറോയിൽ പോർച്ചുഗലിനായി കളിക്കാൻ ഉദ്ദേശിക്കുന്നുവെന്നും അവാർഡ് സ്വീകരിച്ച ശേഷം റൊണാൾഡോ പറഞ്ഞു.

ഈ വർഷത്തെ ലോകകപ്പ് തന്റെ അവസാന അന്താരാഷ്ട്ര ടൂർണമെന്റായിരിക്കുമെന്ന് 37 കാരൻ മുൻപ് അഭിപ്രായപ്പെട്ടിരുന്നു.2024ൽ ദേശീയ ടീമിനെ യൂറോ കിരീടത്തിലേക്ക് നയിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും 37 കാരൻ പറഞ്ഞു.”കുറച്ച് വർഷങ്ങൾ കൂടി ദേശീയ ടീമിന്റെ ഭാഗമാകാൻ ഞാൻ പ്രതീക്ഷിക്കുന്നു. എനിക്ക് ഇപ്പോഴും പ്രചോദനം തോന്നുന്നു, എന്റെ അഭിലാഷം ഉയർന്നതാണ്.ദേശീയ ടീമിലെ എന്റെ പാത അവസാനിച്ചിട്ടില്ല, ഞങ്ങൾക്ക് നിലവാരമുള്ള നിരവധി യുവാക്കൾ ഉണ്ട്.ഞാൻ ലോകകപ്പിൽ ഉണ്ടാകും, എനിക്ക് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണം” അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് പറഞ്ഞു.

റൊണാൾഡോ പോർച്ചുഗലിനൊപ്പം യൂറോ 2016 നേടിയിരുന്നു. പോർചുഗലിനായി 189 മത്സരങ്ങളിൽ നിന്ന് 117 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ 24 ഗോളുകൾ നേടി യുണൈറ്റഡിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ റൊണാൾഡോക്ക് ഈ സീസണിൽ കാര്യങ്ങൾ അത്ര മികച്ചതല്ല.ലീഗിൽ ഇതുവരെ ഒരു തവണ മാത്രമേ റൊണാൾഡോയെ ആദ്യ ഇലവനിൽ പരിശീലകൻ ടെൻ ഹാഗ് ഇറക്കിയിട്ടുള്ളു.പകരം മാർക്കസ് റാഷ്‌ഫോർഡിന് മുൻഗണന നൽകി.യൂറോപ്പ ലീഗിൽ ഷെരീഫ് ടിറാസ്പോളിനെതിരെ റൊണാൾഡോ സീസണിലെ തന്റെ ആദ്യ ഗോൾ നേടിയിരുന്നു.

Rate this post