കൊവിഡ് പ്രൊട്ടോക്കോൾ ലംഘിച്ച വിഷയത്തിൽ സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോക്കെതിരെ അന്വേഷണം ആരംഭിച്ചുവെന്ന് ഇറ്റാലിയൻ കായികമന്ത്രി വിൻസെൻസോ സ്പദഫോറ സ്ഥിരീകരിച്ചു. പോർച്ചുഗൽ ടീമിനൊപ്പമുണ്ടായിരുന്ന താരം കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം പോർച്ചുഗലിൽ നിന്നും ഇറ്റലിയിലേക്കു തന്നെ തിരിച്ചെത്തിയതിനെ തുടർന്നാണ് താരത്തിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
യുവേഫ നാഷൻസ് ലീഗ് മത്സരങ്ങൾക്കായി പോർച്ചുഗൽ ടീമിനൊപ്പം ഉണ്ടായിരുന്ന റൊണാൾഡോക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വീഡനെതിരെ കളിച്ചിരുന്നില്ല. ഇതിനു ശേഷം ടുറിനിലെ വീട്ടിലെത്തി സെൽഫ് ഐസൊലേഷനിൽ കഴിയുന്ന താരത്തിന് യുവന്റസിന്റെ കഴിഞ്ഞ മൂന്നു മത്സരങ്ങളും നഷ്ടമായിരുന്നു. നേരത്തെ തന്നെ റൊണാൾഡോയെ വിമർശിച്ച സ്പദഫോറ കഴിഞ്ഞ ദിവസമാണ് അന്വേഷണം നടത്തുന്ന കാര്യം സ്ഥിരീകരിച്ചത്.
“റൊണാൾഡോ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നതു വ്യക്തമാണ്. ഇതു തെളിയിക്കുന്നതിനായി ഫെഡറൽ പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആർക്കു വേണമെങ്കിലും വൈറസ് ബാധയേൽക്കാം. അതു കൊണ്ടു തന്നെ എല്ലാവരും പ്രൊട്ടോക്കോൾ പാലിച്ചു വീട്ടിലിരിക്കേണ്ടത് അത്യാവശ്യമാണ്.”
അതേസമയം താൻ നിയമം തെറ്റിച്ചിട്ടില്ലെന്നാണ് റൊണാൾഡോ പറയുന്നത്. അധികാരികൾ നിർദ്ദേശിച്ച പ്രകാരമാണ് എല്ലാം ചെയ്തതെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും റൊണാൾഡോ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു.