ഏറെ വിവാദമായ നീക്കങ്ങൾക്കു ശേഷം ബാഴ്സലോണ വിട്ട ബ്രസീലിയൻ താരം ആർതർ മെലോയെ യുവന്റസ് സ്വന്തം താരമായി അവതരിപ്പിച്ചു. ബാഴ്സലോണ തനിക്കു തന്ന അവസരങ്ങൾക്കു നന്ദി പറഞ്ഞ ആർതർ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ കഴിയുന്നതിന്റെ ആവേശവും പങ്കുവെച്ചു.
“എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിത്. എന്റെ കുടുംബത്തിനും എന്നെ ഏറ്റവും നല്ല രീതിയിൽ സ്വീകരിച്ച യുവന്റസിനും ഞാൻ നന്ദിയറിയിക്കുന്നു. ചാമ്പ്യന്മാരായ യുവന്റസിനൊപ്പം ചാമ്പ്യന്മാരായ റൊണാൾഡോയെ പോലുള്ള താരങ്ങൾക്കൊപ്പം കളിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. എന്നെ സംബന്ധിച്ച് സ്വപ്നമാണ് അദ്ദേഹത്തിനൊപ്പം കളിക്കുകയെന്നത്.” ആർതർ പറഞ്ഞു.
യുവന്റസിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റെടുത്ത ആന്ദ്രേ പിർലോക്കൊപ്പം കളിക്കുന്നതിനെ കുറിച്ചും ആർതർ പ്രതികരിച്ചു. പിർലോയോട് കൂടുതൽ നേരം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹത്തെ പോലെ ഫുട്ബോൾ കളിക്കുന്ന താരങ്ങൾ വളരെ കുറവാണെന്നും പറഞ്ഞ ആർതർ ഒരു പിർലോക്കു കീഴിൽ കളിക്കുന്നത് ഏറ്റവും വലിയ ഭാഗ്യമാണെന്ന് വെളിപ്പെടുത്തി.
ബാഴ്സലോണ തനിക്ക് യൂറോപ്പിൽ കളിക്കാൻ അവസരം ഒരുക്കി തന്നതിൽ നന്ദിയുണ്ടെന്നും എന്നാൽ പുതിയ അവസരങ്ങളെക്കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നും ആർതർ വ്യക്തമാക്കി. ട്രാൻസ്ഫർ ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ യുവന്റസ് ഏറ്റവും നല്ല രീതിയിലാണ് ട്രീറ്റ് ചെയ്തതെന്നും അവരുടെ പ്രൊജക്ടിൽ വിശ്വാസമുണ്ടെന്നും ആർതർ പറഞ്ഞു.