ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെത്തി ഏതാനും മാസങ്ങൾ മാത്രം പിന്നിട്ടപ്പോഴേക്കും നിലവിലെ പരിശീലകനായ റൂഡി ഗാർസിയയെ പുറത്താക്കാൻ അൽ നസ്ർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സൗദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്യുന്നത്. ഡ്രസിങ് റൂമിലെ താരങ്ങളുമായി ഒത്തുപോകാൻ കഴിയാത്തതാണ് പുറത്താക്കാനുള്ള കാരണമെന്നാണ് സൂചനകൾ.
സൗദി പ്രൊ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ലീഗിലെ മിഡ് ടേബിൾ ക്ലബായ അൽ ഫെയ്‌ഹ റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റിനെ ഗോൾരഹിത സമനിലയിൽ കുരുക്കിയിരുന്നു. ഇതോടെ അൽ ഇത്തിഹാദുമായി മൂന്നു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ർ. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്.
അൽ ഫെയ്‌ഹക്കെതിരെ നടന്ന മത്സരത്തിലെ സമനിലക്ക് പിന്നാലെ റൊണാൾഡോ അടക്കമുള്ള ടീമിലെ താരങ്ങൾക്കെതിരെ അദ്ദേഹം വിമർശനം നടത്തിയിരുന്നു. അതിനു മുൻപുള്ള മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയിച്ചപ്പോഴുണ്ടായ സമീപനം താരങ്ങളിൽ നിന്നും വന്നില്ലെന്നും അതുകൊണ്ടു തന്നെ ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇതിനു പിന്നാലെ അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനമുണ്ടെന്ന വാർത്തകൾ പുറത്തു വരുന്നത് താരങ്ങളുടെ അതൃപ്‌തി തന്നെയാണ് അതിനു പിന്നിലെ കാരണമെന്ന് വ്യക്തമാക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് റയൽ മാഡ്രിഡ് ഡ്രസിങ് റൂമിൽ വളരെയധികം സ്വാധീനമുള്ളതിനാൽ അദ്ദേഹത്തിന്റെ അഭിപ്രായവും ഇതിനു കാരണമായെന്ന് വേണം കരുതാൻ.
🚨 Rudi Garcia has been SACKED as head coach of Al Nassr! ❌🇸🇦
— Transfer News Live (@DeadlineDayLive) April 12, 2023
His bad relationship with the locker room is the main reason for his dismissal.
(Source: @marca) pic.twitter.com/XaEsLJQrWu
ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമത്സരത്തിനായി ഇറങ്ങുമ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്തായിരുന്നു അൽ നസ്ർ. എന്നാൽ ഇപ്പോൾ അൽ ഇത്തിഹാദുമായി മൂന്നു പോയിന്റ് വ്യത്യാസത്തിലാണ് ടീം നിൽക്കുന്നത്. ഗാർസിയ പുറത്തു പോവുകയാണെങ്കിൽ പകരക്കാരനായി ആരെത്തുമെന്നാണ് ആരാധകർ ഇപ്പോൾ പ്രധാനമായും ചിന്തിക്കുന്നത്.