റൊണാൾഡോ നഷ്‌ടമാക്കിയ അവസരം തോൽവിക്ക് കാരണമായി, വിമർശനവുമായി അൽ നസ്ർ പരിശീലകൻ

സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ റൊണാൾഡോ പറഞ്ഞത് യൂറോപ്പിലെ എല്ലാ റെക്കോർഡുകളും തകർത്ത തനിക്ക് ഇനി സൗദിയിലെ റെക്കോർഡുകൾ തകർക്കുകയാണ് ലക്ഷ്യമെന്നാണ്. റൊണാൾഡോയെപ്പോലൊരു താരത്തിന് അതിനു അനായാസം കഴിയുമെന്ന് ആരാധകരും വിലയിരുത്തി. എന്നാൽ അതത്ര എളുപ്പമാകില്ലെന്നാണ് ഇപ്പോൾ മനസിലാക്കാൻ കഴിയുന്നത്.

അൽ നസ്‌റിനായി രണ്ടു മത്സരങ്ങളിൽ ഇറങ്ങിയ റൊണാൾഡോക്ക് രണ്ടെണ്ണത്തിലും ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല. ഗോൾ നേടാൻ കഴിയാത്തതിനു പുറമെ ടീമിനായി മികച്ച പ്രകടനം നടത്താനും താരത്തിന് കഴിയുന്നില്ലെന്നത് ആരാധകരിൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോ മികവ് കാണിക്കാൻ ബുദ്ധിമുട്ടിയപ്പോൾ തോൽവി വഴങ്ങിയ അൽ നസ്ർ സൗദി സൂപ്പർകപ്പിൽ നിന്നും പുറത്തു പോയി.

തോൽവിയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അൽ നസ്ർ പരിശീലകൻ റൊണാൾഡൊക്കെതിരെ പരോക്ഷമായ വിമർശനം നടത്തുകയുണ്ടായി. ആദ്യ പകുതിയിൽ താരം നഷ്‌ടമാക്കിയ അവസരം മത്സരത്തിൽ സ്വാധീനം ചെലുത്തിയെന്നാണ് പരിശീലകൻ റൂഡി ഗാർസിയ പറഞ്ഞത്. “മത്സരത്തിന്റെ സ്വഭാവത്തിൽ സ്വാധീനം ചെലുത്തിയ ഒരു സംഭവം റൊണാൾഡോ ആദ്യപകുതിൽ നഷ്‌ടമാക്കിയ അവസരമായിരുന്നു.” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മത്സരത്തിനു ശേഷവും ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശം നടത്തിയിരുന്നു. അൽ നസ്ർ താരങ്ങൾ റൊണാൾഡോക്ക് എല്ലാ സമയത്തും പന്ത് നൽകാൻ ശ്രമിക്കാതെ മറ്റു താരങ്ങളെയും ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റൊണാൾഡോയെ മാത്രം കേന്ദ്രീകരിച്ചുള്ള പദ്ധതിയല്ല അദ്ദേഹത്തിന്റേതെന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

രണ്ടു മത്സരങ്ങളിലും നിറം മങ്ങിയ റൊണാൾഡോ തന്റെ ഫോം കണ്ടെത്തേണ്ടത് അനിവാര്യമായ കാര്യമാണ്. ഗോളുകൾ നേടാൻ കഴിയുന്നില്ല എന്നതിനൊപ്പം മത്സരത്തിൽ സ്വാധീനം ചെലുത്താനും കഴിയാത്തത് ടീമുകൾക്ക് ബാധ്യതയായി മാറും. താരത്തിന്റെ ഗംഭീര തിരിച്ചുവരവിനാണ് ആരാധകരും കാത്തിരിക്കുന്നത്.

1/5 - (1 vote)
Cristiano Ronaldo