പോർച്ചുഗലും ഫ്രാൻസും തമ്മിൽ നടന്ന യുവേഫ നാഷൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോയെ കാര്യമായി കാണാൻ കഴിഞ്ഞില്ലെന്നും അതിൽ തനിക്ക് സന്തോഷമുണ്ടെന്നും വെളിപ്പെടുത്തി ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ്. മത്സരത്തിലാകെ മൂന്നു ഷോട്ടുകൾ മാത്രം ഉതിർത്ത യുവന്റസ് താരം ഫ്രാൻസിനെതിരെ കരിയറിൽ കളിച്ച അഞ്ചാമത്തെ മത്സരത്തിലാണ് ഗോൾ നേടാൻ പരാജയപ്പെടുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോൾ വഴങ്ങി ഫ്രാൻസ് റൊണാൾഡോ അടക്കമുള്ള താരങ്ങളെ നിശബ്ദരാക്കിയതിൽ സന്തോഷമുണ്ടെന്നും ദെഷാംപ്സ് പറഞ്ഞു.
“ഞങ്ങൾക്ക് ഇതിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുമായിരുന്നു. എന്നാൽ ഞങ്ങളെ പോലെ തന്നെ മുൻകരുതലുകൾ എടുത്ത എതിരാളികളും, റൊണാൾഡോയെ പോലെ ബഹുമാനിക്കപ്പെടേണ്ട താരങ്ങളുടെ സാന്നിധ്യവും പരിഗണിക്കപ്പെടേണ്ടതാണ്. എന്നാൽ അദ്ദേഹത്തെ അധികമൊന്നും കാണാൻ കഴിഞ്ഞിട്ടില്ല.”
“ചില സമയത്ത് മികച്ച നീക്കങ്ങൾ നടത്തിയ ഫ്രാൻസിന് ചിലപ്പോൾ വേഗത കുറവായിരുന്നു. എന്നാൽ പ്രതിരോധവും മധ്യനിരയും മികച്ച പ്രകടനം കാഴ്ച വെച്ചു. അവസാന നിമിഷങ്ങളിൽ ഗോൾ നേടി മത്സരം സ്വന്തമാക്കാൻ ഞങ്ങൾ ശ്രമിക്കണമായിരുന്നു. പോർച്ചുഗൽ മികച്ച ടീമാണെന്നും മത്സരം കാണിച്ചു തന്നു.” ദെഷാംപ്സ് പറഞ്ഞു.
ഫ്രാൻസിനും പോർചുഗലിനും ഒരേ പോയിന്റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ പോർച്ചുഗലാണ് ഗ്രൂപ്പിൽ മുന്നിൽ നിൽക്കുന്നത്. ഇത്തവണയും നാഷൻസ് ലീഗ് കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് റൊണാൾഡോയും സംഘവും.