ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് റൊണാൾഡോ ഇപ്പോഴുള്ളത്. ഇറാൻ താരമായ അലി ദേയി 109 ഗോളുകളുമായി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അദ്ദേഹത്തിന് എട്ടു ഗോൾ പിന്നിലാണ് റൊണാൾഡോ. ഈ മാസത്തിന്റെ തുടക്കത്തിൽ സ്വീഡനെതിരെ രണ്ടു ഗോളുകൾ നേടിയ താരം നൂറു ഗോളുകൾ പിന്നിടുകയും ചെയ്യിരുന്നു.
ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകളെന്ന നേട്ടം സ്വന്തമാക്കാൻ റൊണാൾഡോക്ക് എല്ലാ വിധ സഹായവും താൻ നൽകുമെന്നാണ് പോർച്ചുഗൽ സഹതാരവും മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡറുമായ ബ്രൂണോ ഫെർണാണ്ടസ് പറയുന്നത്. യുവന്റസ് സ്ട്രൈക്കർ ദേശീയ ടീമിനു വേണ്ടി നൂറു ഗോളുകൾ നേടിയത് വളരെ സ്വാഭാവികമായ കാര്യമാണെന്നാണ് ഫെർണാണ്ടസ് പറയുന്നത്.
“അദ്ദേഹത്തിന്റെ മത്സരങ്ങൾ കാണുന്നവർക്ക് ഗോൾ നേടിയില്ലെങ്കിൽ അതു മോശം മത്സരമായി തോന്നും. കാരണം എല്ലാ മത്സരത്തിലും റൊണാൾഡോ ഗോളുകൾ നേടാറുണ്ട്. റൊണാൾഡോക്കൊപ്പം കളിക്കുന്നതിലും അദ്ദേഹം റെക്കോർഡുകൾ സ്വന്തമാക്കുന്നതിലും എനിക്കു സന്തോഷമുണ്ട്. ദേശീയ ടീമിനൊപ്പം റെക്കോർഡ് സ്വന്തമാക്കാൻ അദ്ദേഹത്തെ സഹായിക്കാൻ എനിക്കു കഴിയും.” ഫെർണാണ്ടസ് പറഞ്ഞു.
കഴിഞ്ഞ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഫെർണാണ്ടസായിരുന്നു. 36 ശതമാനത്തോളം ആരാധകരാണ് അദ്ദേഹത്തിനു വോട്ടു ചെയ്തത്. ഇന്നു രാത്രി പ്രീമിയർ ലീഗിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിടാനിരിക്കയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.