റൊണാൾഡോയെ ആർക്കും തടുക്കാൻ കഴിയില്ലെന്ന് യുവേഫ നാഷൻസ് ലീഗ് മത്സരത്തിൽ പോർച്ചുഗലിനെ നേരിടാനൊരുങ്ങുന്ന സ്വീഡൻ ടീമിന്റെ മുന്നേറ്റനിര താരവും യുവന്റസ് സഹതാരവുമായ ദേജൻ കുളുസേവ്സ്കി. ഇരുടീമുകളും തമ്മിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ താരം പോർച്ചുഗലിനു വേണ്ടി നൂറു ഗോൾ നേട്ടവും സ്വന്തമാക്കിയിരുന്നു.
അന്നത്തെ മത്സരത്തിൽ ആരു വിചാരിച്ചാലും താരത്തെ തടുക്കുക സാധ്യമല്ലായിരുന്നു എന്നാണ് കുളുസേവ്സ്കി ഒരു സ്വീഡിഷ് മാധ്യമത്തോടു പറഞ്ഞത്. “ആദ്യ പാദ മത്സരത്തിൽ റൊണാൾഡോയെ തടുക്കുക അസാധ്യമായിരുന്നു. ആരു വിചാരിച്ചാലും അതു നടക്കില്ലായിരുന്നു. തന്റെ നല്ല ദിവസങ്ങളിൽ ഒറ്റക്കു കാര്യങ്ങൾ നടപ്പിലാക്കുന്നയാളാണ് റൊണാൾഡോ.”
വരാനിരിക്കുന്ന മത്സരത്തിൽ സ്വീഡന്റെ സാധ്യതകളെക്കുറിച്ചു പ്രതീക്ഷകൾ കുറവാണെങ്കിലും റൊണാൾഡോക്കെതിരെ കളിക്കുന്നതു വളരെ സന്തോഷമുള്ള കാര്യമാണെന്നും സ്വീഡിഷ് താരം പറഞ്ഞു. താരവുമായി മികച്ച ബന്ധമാണു തനിക്കുള്ളതെന്നും ഈ സീസണിൽ പിർലോക്കു കീഴിൽ സ്ഥിരമായി ടീമിലിടം ലഭിക്കുന്ന താരം വ്യക്തമാക്കി.
അതേ സമയം യുവന്റസിന്റെ കൊവിഡ് പ്രൊട്ടോക്കോൾ താൻ ലംഘിച്ചതിൽ ക്ലബ് നേതൃത്വത്തിനു കുഴപ്പമുണ്ടാകില്ലെന്നും ദേശീയ ടീമിനൊപ്പം ചേരുമെന്ന കാര്യം നേരത്തെ തന്നെ യുവന്റസിനെ അറിയിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.