കളിക്കുന്ന ടീമിനോട് ആത്മാർത്ഥത പുലർത്തുന്ന കാര്യത്തിൽ റൊണാൾഡോയെ പ്രശംസിച്ച് യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോ. പുതിയ സീസണ് മികച്ച രീതിയിൽ തുടക്കം കുറിച്ച റൊണാൾഡോ ഫോം തുടരുമെന്നു പ്രതീക്ഷിക്കുന്നതായും പിർലോ പറഞ്ഞു. നാപോളിക്കെതിരായ മത്സരത്തിനു മുൻപ് മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
”റൊണാൾഡോ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. ആദ്യം ട്രെയിനിംഗിനെത്തി അവസാനമാണ് അദ്ദേഹം വീട്ടിലേക്കു മടങ്ങുക. അദ്ദേഹം ടീമിനു നൽകുന്ന ഉത്സാഹം മത്സരങ്ങളിൽ നിന്നു കാണാൻ കഴിയും. നിലവിലെ ഫോം അദ്ദേഹം സീസൺ അവസാനിക്കുന്നതു വരെ തുടരുമെന്നു പ്രതീക്ഷിക്കുന്നു.”
“റൊണാൾഡോ ഒന്നോ രണ്ടോ ഗോളുകൾ എല്ലാ മത്സരത്തിലും നേടണമെന്നാണ് എന്റെ ആഗ്രഹം. റോമിൽ വച്ചു നടന്ന മത്സരത്തിൽ ഞങ്ങൾ പത്തു പേരുമായി കളിക്കുമ്പോൾ റൊണാൾഡോ അവസാനം വരെ ടീമിനെ സഹായിച്ചു. ടീമിനു വളരെ പ്രാധാന്യമുള്ളതും എല്ലാവർക്കും മാതൃകയുമായ താരമാണ് അദ്ദേഹം.” പിർലോ പറഞ്ഞു.
ഇന്നു നടക്കുന്ന മത്സരത്തിൽ ആർതർ തുടക്കം മുതൽ കളിച്ചേക്കുമെന്ന് പിർലോ പറഞ്ഞു. അതേ സമയം ഡിബാല രണ്ടാം പകുതിയിലാവും ഇറങ്ങുകയെന്നും പിർലോ വ്യക്തമാക്കി. എന്നാൽ കൊവിഡ് മൂലമുള്ള പ്രതിസന്ധികൾ മത്സരത്തിൽ സങ്കീർണതകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.