ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഗോളടി തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇന്നലെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ലക്സംബർഗിനെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയിച്ചപ്പോൾ അതിൽ മൂന്നു ഗോളുകളും നേടിയത് റൊണാൾഡോ ആയിരുന്നു. റൊണാൾഡോയുടെ കരിയറിലെ 58ആം ഹാട്രിക്കും പോർച്ചുഗലിനായുള്ള പത്താം ഹാട്രിക്കുമായിരുന്നു ഇത്. തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 115 ആക്കി ഉയർത്താനും റൊണാൾഡോക്ക് ആയി.
ആദ്യ 17 മിനുട്ടിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്താൻ പോർച്ചുഗലിനായിരുന്നു. 8ആം മിനുട്ടിലും 13ആം മിനുട്ടിലും ലഭിച്ച പെനാൾട്ടികൾ എളുപ്പം വലയിൽ എത്തിച്ചു കൊണ്ട് റൊണാൾഡോ ആണ് ഗോൾവേട്ട തുടങ്ങിയത്. 17ആം മിനുട്ടിൽ റൊണാൾഡോയുടെ മാഞ്ചസ്റ്ററിലെ ടീം മേറ്റായ ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ പളിനോ ആണ് പോർച്ചുഗലിന്റെ നാലാം ഗോൾ നേടിയത്. ആ ഗോൾ സ്കോഎ ചെയ്ത് പളിനോ റൊണാൾഡോയുടെ സെലിബ്രേഷൻ അനുകരിക്കുന്നതും കാണാൻ ആയി. 87ആ മിനുട്ടിൽ ആയിരുന്നു ഏവരും കാത്തു നിന്ന റൊണാൾഡോയുടെ ഹാട്രിക്ക് ഗോൾ എത്തിയത്. ഈ വിജയം ആറ് മത്സരങ്ങളിൽ 16 പോയിന്റുമായി പോർച്ചുഗലിനെ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്ത് നിർത്തുകയാണ്. മറ്റൊരു മത്സരത്തിൽ അസർബൈജാനെതിരെ 3-1 ന് ഹോം വിജയത്തോടെ 17 പോയിന്റുമായി സെർബിയ ഒന്നാം സ്ഥാനത്താണ്.
Cristiano Ronaldo gets his Hattrick! 🇵🇹pic.twitter.com/O5QpEKxtTl
— The United Zone Podcast (@UnitedZonePod) October 12, 2021
ഗ്രൂപ്പ് എഫിലെ എട്ടാം മത്സരത്തിലും വിജയം നേടി ഡെന്മാർക്കും ലോകകപ്പ് യോഗ്യതാ സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അവർ തോൽപ്പിച്ചത്. ഗ്രൂപ്പ് ഐയിലെ മത്സരത്തിൽ പോളണ്ട് എതിരില്ലാത്ത ഒരു ഗോളിന് അൽബേനിയയെ വീഴ്ത്തി. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ സ്വീഡൻ എതിരില്ലാത്ത രണ്ട് ഗോളിന് ഗ്രീസിനെ വീഴ്ത്തി. ഐസക് ,ഫോസ്ബെർഗ് എന്നിവരാണ് സ്വീഡന്റെ ഗോളുകൾ നേടിയത്.
ഗ്രൂപ്പ് ഐയിൽ നടന്ന നിർണായകമത്സരത്തിൽ ഇംഗ്ലണ്ട് സമനില വഴങ്ങി. ഹംഗറിയാണ് ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഹംഗറിക്കായി റൊളാൺഡ് സലായിയും ഇംഗ്ലണ്ടിനായി പ്രതിരോധതാരം ജോൺ സ്റ്റോൺസുമാണ് ഗോളുകൾ നേടിയത്. ഗ്രൂപ്പിൽ 20 പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്താണ്. അൽബേനിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ പോളണ്ടാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്.