സിറ്റി തങ്ങളുടെ പുതിയ താരമായി ബെൻഫിക്കയുടെ പോർച്ചുഗീസ് താരം റൂബൻ ഡയസിനെ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. 64 മില്യൺ യൂറോക്കാണ് താരത്തെ സിറ്റി തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. പകരം സിറ്റിയുടെ അർജന്റൈൻ താരം നിക്കോളാസ് ഒട്ടമെന്റി ബെൻഫിക്കയിലേക്കും കൂടുമാറിയേക്കും.
കഴിഞ്ഞ ശനിയാഴ്ച നടന്ന ബെൻഫിക്കയിലെ തന്റെ അവസാനമത്സരത്തിൽ ഗോൾ നേടാനും 2-0നു വിജയിക്കുവാനും ഡയസിനു സാധിച്ചിരുന്നു. എന്നാൽ മത്സരശേഷം പരിശീലകനായ ജോർഹെ ജീസസ് ഡയസിനോട് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിറ്റിയേക്കാൾ മികച്ച ക്ലബ്ബിനെയാണ് ഡയസ് കൈവിടുന്നതെന്നാണ് അദ്ദേഹം ഡയസിനോട് മുന്നറിയിപ്പു നൽകിയതെന്നാണ് വിവരം.
മത്സരശേഷം ഡയസിനോട് ബെൻഫിക്ക പരിശീലകൻ പറഞ്ഞവാക്കുകൾ ബെൻഫിക്കയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. “ക്യാപ്റ്റനായി അദ്ദേഹം നേടിയ ഗോളിനും ടീം ചെയ്ത ജോലിക്ക് ഒരു വിടവാങ്ങൽ എന്തായാലുമുണ്ടായിരിക്കും. ഇതുവരെയുണ്ടായതും ഇനി ഉണ്ടാവാനിരിക്കുന്നതുമെല്ലാം ഉജ്ജ്വലമായവയാണ്. “
“ഞങ്ങൾ വിശ്വസിക്കുന്നതും അങ്ങനെത്തന്നെയാണ്. ഒരു കുറച്ചെങ്കിലും ഒരു കളിക്കാരന്റെ ജീവിതമെന്നു പറയുന്നത് അങ്ങനെത്തന്നെയാണ്. നീ വിട്ടുപോവുന്നത് മാഞ്ചസ്റ്റർ സിറ്റിയേക്കാൾ മികച്ച ഒരു ക്ലബ്ബിനെയാണ്. സാമ്പത്തികമായി കുറച്ചു പിറകിലാണെന്നു മാത്രമേയുള്ളു. അതാണ് ഇവിടെയുള്ള വ്യത്യസ്തത. ബാക്കിയെല്ലാം ഇനി നിന്റെ കൈകളിലാണ്” ബെൻഫിക്കയുടെ വീഡിയോ ക്ലിപ്പിലുള്ള ജോർഹെ ജീസസിന്റെ വാക്കുകളാണിവ. ഒരു മികച്ച താരത്തെ കൈവിട്ടു പോവുന്നതിന്റെ വേദനയാണ് പരിശീലകൻ ഇതിലൂടെ വ്യക്തമാക്കിയത്.