പകരക്കാരനായി ഇറങ്ങി ഗോളുകളും റെക്കോർഡും നേടി സഹൽ|Kerala Blasters

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ വരെയുള്ള കുതിപ്പിൽ മലയാളികളുടെ പ്രിയ താരം സഹൽ അബ്ദുൽ സമദ് നിർണായക പങ്കാണ് വഹിച്ചത്. ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറിയ താരം വേഗത കൊണ്ടും ഡ്രിബ്ലിങ് കൊണ്ടും ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് മുമ്പൊന്നും ഇല്ലാതിരുന്ന കരുത്ത് നൽകി. ഈ സീസൺ ആരംഭിക്കുന്നതിന് മുൻപേ ആരാധകർക്കും പരിശീലകനും സഹലിൽ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്.

എന്നാൽ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സഹലിനു സാധിച്ചില്ല. കളിച്ച നാല് മത്സരങ്ങളിൽ നിന്നും ഒരു ഗോൾ പോലും നേടാൻ സാധിച്ചതുമില്ല. ആ നാല് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നെണ്ണം പരാജയപ്പെടുകയും ചെയ്തു.തുടർച്ചയായ മൂന്നു പരാജയങ്ങളുടെ പശ്ചാത്തലത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ ഇന്നലെ നിർത്തി ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ടീമിനെ ഉടച്ചു വാർത്തു. അതോടെ ഫോം കണ്ടെത്താൻ വിഷമിച്ച സഹലിന് ബെഞ്ചിലിരിക്കേണ്ടി വന്നു. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ സഹൽ തന്റെ മികവ് എന്താണെന്നു കാണിച്ചു കൊടുത്തു.

56-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടുന്നത്. ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ് ആണ് ഗോൾ നേടിയത്.ആദ്യ ഗോൾ പിറന്നിട്ടും ബ്ലാസ്റ്റേഴ്സ് ആക്രമണം തുടരുകയായിരുന്നു. പിന്നീട് 65-ാം മിനിറ്റിൽ കോച്ച് സഹലിന് കളത്തിലിറക്കി. കോച്ചിന്റെ തീരുമാനം തെറ്റിയില്ല. രണ്ട് ഗോളുകളാണ് മലയാളി താരം ബ്ലാസ്റ്റേഴ്സിനായി സ്വന്തമാക്കിയത്. സഹലെത്തി കൃത്യം 20-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ വീണത്. വലതുവശത്ത് അസ്ത്രവേഗത്തില്‍ കുതിച്ച രാഹുല്‍ ഇടതുവശത്ത് സഹലിനെ കണ്ടു. രാഹുലിന്റെ നീക്കം പിടിച്ചെടുത്ത് സഹലിന്റെ ഒന്നാന്തരം ഷോട്ട്. ബ്ലാസ്‌റ്റേഴ്‌സ് ലീഡുയര്‍ത്തി. പരിക്കു സമയത്തായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍. നോര്‍ത്ത് ഈസ്റ്റ് ഗോള്‍ വലയ്ക്ക് മുന്നിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ സഹലിന്റെ ഷോട്ട് വല തകര്‍ത്തു. ആ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയം പൂര്‍ത്തിയാക്കി.

കഴിഞ്ഞ മൂന്ന് മത്സരങ്ങളുടെ തുടർതോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരികെയെത്തി ചേർന്നിരിക്കുന്നത്. ഈ വിജയം ബ്ലാസ്റ്റേഴ്സിന് മാത്രമല്ല സഹലിനും ആത്മവിശ്വാസം നൽകുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഇന്നലെ മത്സരത്തോടെ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമായി സഹൽ മാറുകയും ചെയ്തു,സന്ദേശ് ജിംഗാൻറെ 76 മത്സരങ്ങൾ എന്ന റെക്കോർഡാണ് മലയാളി താരം മറികടന്നത്.ഇന്നലത്തെ ജയത്തോടെ ബ്ലാസ്റ്റേഴ്സ് അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. ഇനി നവംബർ 13 ഞായറാഴ്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി.

Rate this post