2020-21 പ്രീമിയർലീഗ് മത്സരങ്ങൾക്ക് തുടക്കമായി. ആദ്യ മത്സരത്തിൽ തന്നെ ഹാറ്റ്രിക്ക് പ്രകടനവുമായി വരവറിയിച്ചിരിക്കുകയാണ് ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാ. 16 വർഷത്തെ ഇടവേളയ്ക്കു ശേഷം അർജന്റൈൻ പരിശീലകൻ മാഴ്സെലോ ബിയേൽസക്കു കീഴിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചു വന്ന ലീഡ്സ് യുണൈറ്റഡിനെ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ചാമ്പ്യന്മാർ തകർത്തത്. തിരിച്ചുവരവ് ഒട്ടും മോശമാക്കാതെ തന്നെയാണ് ലീഡ്സും കളിച്ചു മുന്നേറിയതെന്നും വസ്തുതയാണ്.
സീസണിന്റെ ആദ്യമത്സരത്തിൽ തന്നെ ഹാറ്റ്രിക്ക് അടിച്ചുകൊണ്ട് പ്രീമിയർ ലീഗ് വമ്പൻമാർക്ക് മുന്നറിയിപ്പു നൽകുകയാണ് സലാ. 1988-89 സീസണിൽ ആദ്യമത്സരത്തിൽ ജോൺ ആൽഡ്രിഡ്ജ് ചാൾട്ടണെതിരെ നേടിയ ഹാട്രിക്കിന് ശേഷം മുഹമ്മദ് സലായാണ് ആദ്യമത്സരത്തിൽ ഹാട്രിക്ക് നേട്ടം കൈവരിക്കുന്ന ആദ്യ താരം. ഈ ഹാട്രിക്ക് നേട്ടത്തോടെ പ്രീമിയർ ലീഗിന്റെ ചരിത്രതാളുകളിൽ ഇടംപിടിക്കാനും സലായ്ക്ക് സാധിച്ചിരിക്കുകയാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണിയുടെ റെക്കോർഡ് ആണ് മുഹമ്മദ് സലാ മറികടന്നത്. റൂണി ഗോൾ നേടിയ 34 മത്സരങ്ങളും യുണൈറ്റഡിന് വിജയം നേടാനായെന്നത് പ്രീമിയർ ലീഗിലെ മുൻ റെക്കോർഡായിരുന്നു. ആ റെക്കോർഡാണ് ഇന്നലത്തെ ഹാട്രിക്കോടെ സലാ മറികടന്നത്. ലിവർപൂളിന് വേണ്ടി ഗോൾ നേടിയ 35 മത്സരങ്ങളിലും ലിവർപൂളിന് വിജയം നേടാനായതെന്നതാണ് ചരിത്രത്താളുകളിൽ ഇടം പിടിച്ചത്.വിജയത്തിനുശേഷം ലീഡ്സിന്റെ പോരാട്ടവീര്യത്തെക്കുറിച്ച് സംസാരിക്കാനും സലാ മറന്നില്ല.
” വളരെ ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു ഇത്. പ്രത്യേകിച്ച് ഫാൻസിന്റെ അഭാവത്തിൽ കളിക്കുന്നതിനാൽ. അവർ നന്നായി പാസ്സ് ചെയ്തു കളിച്ചു അവരുടെ സമ്മർദ്ദം വളരെ മികച്ചതായിരുന്നു. ഞങ്ങൾക്ക് മികച്ചൊരു മത്സരമായിരുന്നു ഇത്. ഞങ്ങളൊരിക്കലും മൂന്നു ഗോളുകൾ വഴങ്ങരുതായിരുന്നു. എങ്കിലും മൊത്തത്തിൽ ഞങ്ങൾക്ക് നന്നായി കളിക്കാനായി. അവർ ബുദ്ധിമുട്ടേറിയ ടീം തന്നെയായിരുന്നു. സാഹചര്യങ്ങളോട് നന്നായി പ്രതികരിച്ചു. അവർ മൂന്നു ഗോളുകൾ നേടിയെന്നു പറഞ്ഞാൽ ഞങ്ങൾക്ക് ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ്.” സലാ പറഞ്ഞു.