എന്ത്‌കൊണ്ടാണ് സഹലിനെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഉൾപെടുത്താതിരുന്നത് ?

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പാദ സെമി ഫൈനലിൽ ജാംഷെഡ്പൂരിനെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും മുഖത്ത് വലിയൊരു അത്ഭുതം കാണാമായിരുന്നു. കാരണം മറ്റൊന്നുമല്ല ആദ്യ പാദത്തിൽ കേരളത്തെ വിജയത്തിലേക്ക് നയിച്ച ഗോൾ നേടിയ മലയാളികളുടെ സൂപ്പർ താരം സഹൽ അബ്ദുൽ സമദിന്റെ പേര് ടീം ലിസ്റ്റിൽ ഇല്ലായിരുന്നു.

എന്തായിരുന്നു സഹലിനു പറ്റിയത് എന്ന ചോദ്യം ആരാധകരുടെ മനസ്സിൽ ഉയരുകയും ചെയ്തു.ടൂര്‍ണമെന്റിലാകെ ആറ് ഗോളുമായി മികച്ച ഫോമിലുമാണ് താരം. പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം പരിശീലനത്തിനിടെ പരിക്കേറ്റത് കൊണ്ടാണ് താരത്തെ ടീമിൽ നിന്നും ഒഴിവാക്കിയത് എന്നാണ്. ആദ്യ പാദത്തിലെ വിജയശില്പിയായ സഹലിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാവുമോ എന്ന ചോദ്യം എല്ലാവരുടെയും ഉള്ളിൽ ഉയർന്നിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ രണ്ടു മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് വരുത്തിയത് സഹലും സാഞ്ജീവ് സ്റ്റാലിനും പുറത്തായപ്പോൾ സന്ദീപും നിശുകുമാറും ടീമിൽ എത്തി.

ഫറ്റോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ നടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ജാംഷെഡ്പൂരിനെതിരെയുള്ള നിർണായക സെമിഫൈനലിന്റെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ വിജയത്തിലെത്തിച്ചത് സഹലിന്റെ മികവാണ് .38ആം മിനുട്ടിൽ അൽവാരോയുടെ പാസ് ക്ലിയർ ചെയ്യുന്നതിൽ ജാംഷെഡ്പൂർ ഡിഫെൻസിന് പിഴച്ചപ്പോൾ ലൈൻ വിട്ട് കയറി വന്ന രഹ്നേഷിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് ഗോൾ പോസ്റ്റിലേക്ക് കോരിയിട്ട് മനോഹരമായൊരു ഫിനിഷിങ്ങിലൂടെയാണ് സഹൽ മഞ്ഞപ്പടയെ മുന്നിൽ എത്തിച്ചത്.

Rate this post
Kerala Blasters