ഈ അടുത്ത കാലത്തെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് എഫ്സി ബാഴ്സലോണ ഇപ്പോൾ കടന്നു പോവുന്നത്. കോവിഡ് മൂലം വരുമാനത്തിൽ വലിയ തോതിലുള്ള ഇടിവാണ് ബാഴ്സക്ക് സംഭവിച്ചിരിക്കുന്നത് എന്ന് മാത്രമല്ല വൻ നഷ്ടവും സംഭവിച്ചിട്ടുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ഇരുന്നൂറ് മില്യൺ യൂറോയോളമാണ് ബാഴ്സക്ക് ഇത്തവണ നഷ്ടം സംഭവിച്ചിരിക്കുന്നത്.
അതിനാൽ ഫസ്റ്റ് ടീമിലെ താരങ്ങളുടെ സാലറി കുറക്കാൻ ബാഴ്സ ബോർഡ് ആലോചിച്ചിരുന്നു. കോവിഡ് മൂലം മത്സരങ്ങൾ നടക്കാത്ത സമയത്ത് മെസ്സിയുൾപ്പെടുന്ന താരങ്ങളുടെ സാലറി ബാഴ്സ കുറച്ചിരുന്നു. അന്ന് എല്ലാം താരങ്ങളും ഇതിന് സമ്മതം മൂളിയിരുന്നു. വീണ്ടും സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ ഇതേ മാർഗം തന്നെ സ്വീകരിക്കാൻ ബാഴ്സ നിർബന്ധിതരാവുകയായിരുന്നു.തുടർന്ന് ഈ ആവിശ്യവുമായി ബാഴ്സ ബോർഡ് ടീം അംഗങ്ങളെ സമീപിച്ചിരുന്നു.
വാർഷികവേതനത്തിലെ മുപ്പതു ശതമാനം കുറക്കാൻ അനുവദിക്കണം എന്നായിരുന്നു ബാഴ്സ ബോർഡിന്റെ ആവിശ്യം. എന്നാൽ മൂന്ന് താരങ്ങൾ ഇത് നിരസിച്ചു കഴിഞ്ഞു എന്നാണ് വാർത്തകൾ. കാറ്റലൂണിയ റേഡിയോയെ ഉദ്ധരിച്ചു കൊണ്ട് മാർക്കയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗോൾകീപ്പർ ടെർ സ്റ്റീഗൻ, അയാക്സിൽ നിന്നും ബാഴ്സയിലെത്തിയ സെർജിനോ ഡെസ്റ്റ്, പ്രതിരോധനിര താരം ക്ലമന്റ് ലെങ്ലെറ്റ് എന്നിവരായിരുന്നു ഈ ആവിശ്യം നിരസിച്ച താരങ്ങൾ.
എല്ലാവരുടെയും സമ്മതമില്ലാതെ വന്നതോടെ ബാഴ്സ ബോർഡ് ഈ തീരുമാനം പുനഃപരിശോധിക്കും. ഇനി വാർഷികവേതനത്തിൽ നിന്നും ഇരുപത് ശതമാനം കുറക്കാനുള്ള ആവിശ്യവുമായാണ് ബോർഡ് ഇനി താരങ്ങളെ സമീപിക്കുക.