നീണ്ട രണ്ടു വർഷത്തെ ശ്രമത്തിനു ശേഷമാണ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും ജഡോൺ സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്.85 മില്യൺ യൂറോക്ക് 2026 വരെയാണ് യുവ താരം കരാർ ഒപ്പുവെച്ചത്. ഇരു ക്ലബ്ബുകളും തമ്മിൽ നടന്ന എണ്ണമറ്റ ചർച്ചകൾക്ക് ശേഷമാണ് ഡോർട്ട്മുണ്ട് അവരുടെ സ്റ്റാർ മാനെ വിട്ടയക്കാൻ സമ്മതിച്ചത്. ഈ ചെറു പ്രായത്തിൽ തന്നെ ലോക ഫുട്ബോളിലെ മികച്ച താരങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഇംഗ്ലീഷ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്റെ ഗുണ നിലവാരം കൊണ്ടുവരാൻ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള ഏറ്റവും പ്രഗത്ഭരായ യുവാക്കളിൽ ഒരാളാണ് ജാദോൺ സാഞ്ചോ, അടുത്ത കുറച്ച് സീസൺ കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകാനുള്ള കഴിവുള്ള താരമാണ്.
2017 ൽ ബോറുസിയ ഡോർട്മുണ്ടിൽ ചേരുന്നതിനു ശേഷം താരത്തിന്റെ വളർച്ച പെട്ടെന്ന് തന്നെയായിരുന്നു. കഴിഞ്ഞ സീസണിൽ ഡോർട്ട്മുണ്ടിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ ഈ വലതു വിങ്ങർ 8 ഗോളുകൾ നേടുകയും 13 അസിസ്റ്റുകൾ നൽകുകയും ചെയ്തു. ഈ സീസണിൽ സാഞ്ചോയുടെ പാസിംഗ് കൃത്യത ഏകദേശം 82.4% ആയിരുന്നു ശ്രമിച്ച പകുതി ഡ്യുവലുകളിലും വിജയിച്ചു.ആക്ര മണാത്മക കഴിവുള്ള ഒരു ക്ലാസ് ആക്റ്റാണ് ജാദോൺ സാഞ്ചോ.പന്ത് കൈവശം ഇല്ലാത്തപ്പോളും പോസിഷനിങ്ങിൽ മികവ് പുലർത്തിയിട്ടുണ്ട്.കഴിഞ്ഞ 4 സീസണുകളിൽ, യൂറോപ്പിലെ മികച്ച 5 ലീഗുകളിലെ ഒരു കളിക്കാരനും ജാദോൺ സാഞ്ചോയേക്കാൾ നേരിട്ടുള്ള ഗോൾ പങ്കാളിത്തം നേടിയിട്ടില്ല. കഴിഞ്ഞ സീസണുകളിൽ ഡോർട്ട്മുണ്ടിന്റെ എല്ലാ മുന്നേറ്റങ്ങളും സാഞ്ചോയെ കേന്ദ്രീകരിച്ചായിരുന്നു.
പലപ്പോഴും ലക്ഷ്യമില്ലാത്ത ട്രാൻസ്ഫറുകൾക്കും തെറ്റായ കളിക്കാർക്കായി ധാരാളം ഫീസ് ചെലവഴിച്ച ചരിത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളത്. ഉദാഹരണമായി മിഡ്ഫീൽഡർ ഫ്രഡിന് 52 മില്യൺ ഡോളറും ,ഹാരി മഗ്വെയറിനായി 80 മില്യൺ ഡോളർ മുടക്കുകയും ചെയ്തിരുന്നു. അവരുടെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ അവരെ അതിനേക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കുമായിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജാദോൺ സാഞ്ചോയുടെ ട്രാൻസ്ഫർ വലിയ നേട്ടം തന്നെയാണ്.വളരെ വൈവിധ്യമാർന്ന താരമായ സാഞ്ചോക്ക് ഏത് പൊസിഷനിലും കളിക്കാനായി സാധിക്കും എന്നത് യുണൈറ്റഡ് ഗുണമുള്ള കാര്യമാണ്. ബ്രൂണോ ഫെർണാണ്ടസിനെ മാത്രം ആശ്രയിക്കുന്ന യുണൈറ്റഡിന്റെ അവസ്ഥയ്ക്ക് ഒരു പരിഹാരം കണ്ടെത്താൻ സാഞ്ചോയുടെ വരവ് കൊണ്ട് സാധിക്കും. നീണ്ട കാലമായുള്ള വലതു വിങ്ങർ എന്ന യുണൈറ്റഡിന്റെ ആഗ്രഹവും സാഞ്ചോയുടെ വരവോടെ നിറവേറുകയാണ്.
സാഞ്ചോയുടെ വരവോടു യുണൈറ്റഡ് മുന്നേറ്റ നിര കൂടുതൽ കരുത്തനായി മാറും.എന്നിരുന്നാലും, കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ടോപ്പ് -4 ടീമുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയത് മാഞ്ചസ്റ്റർ യൂണൈറ്റഡാണ് അത് കൊണ്ട് തന്നെ ഡിഫെൻസിവ് മിഡ്ഫീൽഡിലും പ്രതിരോധത്തിലും മികച്ച താരങ്ങളെ ടീമിലെത്തിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ മുന്നേറ്റ നിര താരങ്ങൾക്ക് സ്വന്തന്ത്ര്യത്തോടെ കളിയ്ക്കാൻ സാധിക്കുകയുള്ളു. രാഷ്ഫോർഡിനെയും സാഞ്ചോയെയും ഇരു വിങ്ങുകളിലും മാറി മാറി കളിപ്പിക്കാനായിരിക്കും സോൽസ്ജെയർ പദ്ധതിയിടുക. കഴിഞ്ഞ സീസണിൽ ടീമിന്റെ ശൈലിയും താരങ്ങളുടെ പൊസിഷനും പല തവണ പരിശീലകൻ മാറ്റിയിരുന്നു. ചെറുപ്പകാലത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ ഒരു ഇടതു വിങ്ങറായാണ് കളി ആരംഭിച്ചെങ്കിലും ഡോർട്മുണ്ടിൽ വലതു വിങ്ങിലാണ് കളിക്കുന്നത്. ഇരു വിങ്ങിലും ഒരു പോലെ കളിക്കാനും സാധിക്കും. ഇംഗ്ലണ്ടിലെ പേസി ഫുൾബാക്കുകളെ മറികടക്കാൻ മതിയായ വേഗതയും സാഞ്ചോക്കുണ്ട്.തുടക്കത്തിൽ സാഞ്ചോ അഭിമുഖീകരിച്ചേക്കാവുന്ന ഒരേയൊരു പ്രശ്നം പ്രീമിയർ ലീഗിലെ ഫിസിക്കൽ ഗെയിം ആയിരിക്കും .ബുണ്ടസ്ലിഗയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രീമിയർ ലീഗ് കളിക്കാർ വളരെയധികം കഠിനരാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ സാഞ്ചോ ക്ലബിനൊപ്പം കൂടുതൽ ഉയരങ്ങളിലേക്ക് എത്തും എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. താൻ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കളിക്കാരനായിരുന്നു സാഞ്ചൊ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന തരത്തിലുള്ള അറ്റാക്കിംഗ് താരമാണ് സാഞ്ചോ എന്ന് പരിശീലകൻ ഒലെ അഭിപ്രായപ്പെട്ടു . വരും വർഷങ്ങളിൽ അദ്ദേഹം തന്റെ സ്ക്വാഡിന്റെ അവിഭാജ്യ ഘടകമായി മാറും, അദ്ദേഹത്തിന്റെ ടാലന്റ് അതിന്റെ മികവിലേക്ക് എത്തുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒലെ പറഞ്ഞു.അദ്ദേഹത്തിന്റെ ഗോളുകളും അസിസ്റ്റുകളും സാഞ്ചോയ്ക്ക് വേണ്ടി സംസാരിക്കുന്നു, സാഞ്ചോയുടെ സാന്നിദ്ധ്യം ടീമിന് വേഗതയും, സർഗ്ഗാത്മകതയും കൊണ്ടുവരും. ഒലെ പറഞ്ഞു.