❝സന്തോഷ് ട്രോഫി ഉത്സവം ആഘോഷിക്കുന്ന മലപ്പുറത്തെ ഫുട്ബോൾ ആരാധകർ❞| Santhosh Trophy

ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാന പോരാട്ടങ്ങളായിരുന്നു സന്തോഷ് ട്രോഫിയിൽ കാണാൻ സാധിച്ചിരുന്നത്. ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരങ്ങൾ എല്ലാം തന്നെ അവരവരുടെ സംസ്ഥാങ്ങൾക്ക് വേണ്ടി സന്തോഷ് ട്രോഫിയിൽ ജേഴ്സിയണിഞ്ഞു.

മത്സരങ്ങൾ കാണാൻ ആയിരകണക്കിന് ആരാധകർ എത്തുകയും ചെയ്തു. വളർന്നു വരുന്ന ഓരോ യുവ താരങ്ങളും സന്തോഷ് ട്രോഫിയിൽ കളിക്കുന്നത് സ്വപ്നം കാണുകയും ചെയ്തു. എന്നാൽ പതിയെ സന്തോഷ്ട്രോഫിയുടെ തിളക്കം ഇന്ത്യൻ ഫുട്ബോളിൽ നിന്നും നഷ്ടപ്പെട്ട് തുടങ്ങി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവും , ഐ ലീഗ് രണ്ടു ഡിവിഷനിലുകളിലുമായി കൂടുതൽ ശക്തി പ്രാപിച്ചതും കൂടുതൽ പ്രൊഫെഷണൽ ക്ലബ്ബുകൾ വന്നതും സന്തോഷ് ട്രോഫിയെ തളർത്തി.

കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ രണ്ടാം നിര താരങ്ങളെ വെച്ചാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. കോവിഡ് മൂലം കഴിനാജ് രണ്ടു വര്ഷം ചാമ്പ്യൻഷിപ്പ് നടന്നതുമില്ല. രാജ്യത്തെ പ്രധാന ആഭ്യന്തര ഫുട്ബോൾ ടൂർണമെന്റെന്ന നിലയിൽ സന്തോഷ് ട്രോഫിക്ക് അതിന്റെ തിളക്കം നഷ്ടപ്പെട്ടിട്ട് കുറച്ച് വർഷങ്ങളായി.മുൻനിര ക്ലബ്ബുകളെ ആകർഷിക്കാൻ ശ്രമിക്കുന്ന പുതുപുത്തൻ പ്രതിഭകൾക്കായുള്ള ഒരു യുവജന പരിപാടിയോ പ്രദർശനമോ ആയി ഇത് മാറിയിരിക്കുന്നു. സന്തോഷ് ട്രോഫി ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്ത് വരുമെന്ന് പറഞ്ഞെങ്കിലും മുൻ വർഷങ്ങളിൽ നിന്നും കൂടുതലായി ഒന്നും ആരും പ്രതീക്ഷിച്ചില്ല.

എന്നാൽ സംഘാടകരെയും കളിക്കാരെയും അത്ഭുത പെടുത്തുന്ന കാഴ്ചകളാണ് മലപ്പുറത്ത് നിന്നും കാണാൻ സാധിച്ചത്.ന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ പാതി പിന്നിട്ടപ്പോഴേക്കും മലപ്പുറം കോട്ടപ്പടിയിലെയും പയ്യനാട്ടെയും ഗാലറിയിലെത്തി കളി കണ്ടത് 80,719 പേരാണ്. സന്തോഷ് ട്രോഫി ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്ത ജനക്കൂട്ടമാണ് സ്റ്റേഡിയങ്ങളിലേക്ക് ഒഴുകി എത്തുന്നത്. മലപ്പുറം ജില്ല ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻഷിപ് കൂടിയാണിത്. ആതിഥേയരുടെ മത്സരത്തിനാണ് പതിവുപോലെ കാണികൾ ഇരച്ചുകയറുന്നത്.

രാജസ്ഥാനെതിരെ നടന്ന ആദ്യമത്സരത്തിൽ കാഴ്ചക്കാരായി എത്തിയത് 28,319 ആരാധകർ. ചിരവൈരികളായ ബംഗാളിനെതിരെ നടന്ന രണ്ടാം മത്സരത്തിനെത്തിയത് 23,180 പേരും. ഇന്നലെ മേഘാലയക്കെതിരെ നടന്ന മൂന്നാമത്തെ മത്സരത്തിനെത്തിയത് 17,523 പേരുമാണ്. കേരളത്തിന്‍റെ മൂന്ന് മത്സരങ്ങൾക്കായി പയ്യനാട്ടെ പച്ചപ്പുല്ലിലേക്ക് ആകെ എത്തിയത് 69,142 പേർ. പയ്യനാട് നടന്ന മണിപ്പൂർ-സർവീസസ് മത്സരത്തിന് 4,500 കാണികളും മണിപ്പൂർ-ഒഡിഷ മത്സരത്തിന് 1216 പേരും കളി കാണാനെത്തി. അഞ്ച് കളികളിൽ നിന്നായി പയ്യനാട് മാത്രമെത്തിയത് 74,858 പേരാണ്.

കോട്ടപ്പടിയിൽ നടന്ന വെസ്റ്റ് ബംഗാൾ-പഞ്ചാബ് മത്സരം കാണാനെത്തിയത് 1500, ഒഡിഷ-കർണാടക 1400, രാജസ്ഥാൻ-മേഘാലയ 1500, പഞ്ചാബ്-രാജസ്ഥാൻ 325 എന്നിങ്ങനെയാണ് കണക്ക്. മൊത്തം 5861 പേർ കോട്ടപ്പടിയിലെത്തി കളി കണ്ടു. കോട്ടപ്പടിയിലേയും പയ്യനാട്ടേയും കണക്കുകൾ നോക്കിയാൽ 80,719 പേരാണ് മത്സരം നേരിൽ കാണാനെത്തിയത്. കൂടാതെ ഫേസ്ബുക്ക് ലൈവിൽ പതിനായിരങ്ങൾ വേറെയും. ഈ കണക്കുകളൊക്കെ സൂചിപ്പിക്കുന്നത് മലപ്പുറം എത്രമാത്രം ഫുട്ബോളിനെ പ്രണയിക്കുന്നുവെന്നാണ്.

റമദാനാണ്. നോമ്പ് കാലമാണ് കൂടാതെ മലപ്പുറവും, കളികാണാൻ ആളുണ്ടാകുമോ..? ഇതായിരുന്നു സന്തോഷ് ട്രോഫി ടൂർണമെന്‍റ് മലപ്പുറത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ സംഘാടകരുടെ പ്രധാന സംശയം. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയത്.നോമ്പടുത്ത് വന്ന പല ആരാധകരും നോമ്പ് തുറന്നതും നമസ്‌കരിച്ചതും ഗ്യാലറിയിലിരുന്നാണ്.

നേരത്തെ എത്തിയില്ലെങ്കിൽ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയുമോ എന്ന സംശയമാണ് ഇവരെ നോമ്പ് തുറക്കും മുമ്പ് തന്നെ സ്റ്റേഡിയത്തിലെത്തിച്ചത്. അഞ്ചര മണിക്ക് തന്നെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിനാല്‍ പലരും നേരത്തെ എത്തി കാത്തിരിപ്പ് തുടങ്ങി.കുട്ടികൾ മുതൽ പ്രായമായവർ വരെ മത്സരം തുടങ്ങുന്നതിന്റെ മണിക്കൂറുകൾക്ക് മുന്നേ തന്നെ സ്റ്റേഡിയത്തിൽ തങ്ങളുടെ ഇരിപ്പിടം ഉറപ്പിക്കാൻ എത്തുന്നു.ഒരു മലപ്പുറത്തുകരന്റെയും നെഞ്ചിടിപ്പിന്റെ അതെ താളത്തിൽ കാപന്തിന്റെ താളവും കേൾക്കാം .

Rate this post
Santhosh Trophy