മുൻ യുവന്റസ് പരിശീലകനായ മൗറീസിയോ സാറിക്കെതിരെ രൂക്ഷവിമർശനവുമായി ബാഴ്സലോണ താരം മിറാലം പ്യാനിച്ച്. സ്വന്തം താരങ്ങളെ വിശ്വാസമില്ലാത്ത പരിശീലകനാണു സാറിയെന്നും താരങ്ങളുടെ പ്രൊഫഷണലിസത്തെ അദ്ദേഹം ചോദ്യം ചെയ്യുമെന്നും ബോസ്നിയൻ താരം പറഞ്ഞു.
ചെൽസിയിൽ നിന്നും യുവന്റസിലേക്കു ചേക്കേറിയ സാറി ഒരു സീസൺ മാത്രമാണ് ഇറ്റാലിയൻ ക്ലബിനൊപ്പം ഉണ്ടായിരുന്നത്. യുവന്റസിനു സീരി എ കിരീടം നേടിക്കൊടുത്തു എങ്കിലും രണ്ടാം സ്ഥാനത്തുള്ള ഇന്ററുമായി ഒരു പോയിന്റ് മാത്രം വ്യത്യാസത്തിലായിരുന്നു കിരീടധാരണം. ചാമ്പ്യൻസ് ലീഗിലും നേട്ടമുണ്ടാക്കാൻ കഴിയാതെ വന്നതിനാലാണ് സാറിയെ യുവന്റസ് ഒഴിവാക്കിയത്.
സാറിയുടെ കീഴിൽ മോശം പ്രകടനം കാഴ്ച വെച്ചിരുന്ന പ്യാനിച്ച് ടുട്ടോസ്പോർടിനോടു സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിനെ വിമർശിച്ചത്. “സാറി സ്വന്തം താരങ്ങളെ വിശ്വസിച്ചിരുന്നില്ലെന്ന് എന്നെ ബാധിച്ചിരുന്നു, ഞാനതിൽ നിരാശനുമായിരുന്നു. മറ്റുള്ളവരെ മോശമായി വിലയിരുത്തുന്നത് ശരിയല്ല. എല്ലാ കളിക്കാരും അവരുടെ ഏറ്റവും മികച്ച പ്രകടനം ക്ലബിനായി കാഴ്ച വെക്കുന്നുണ്ട്.”
“ഒന്നോ രണ്ടോ താരങ്ങളെ പരിശീലകനു താൽപര്യമുണ്ടാകാതിരിക്കാം. എന്നാൽ അതവർക്കു ക്ലബിനോടുള്ള ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ കാരണമാകുന്നില്ല. അതാണു സാറി ചെയ്തത്. എന്നാൽ കഴിവുള്ള പരിശീലകനാണദ്ദേഹം. യുവന്റസിനു കിരീടത്തിലെത്താൻ അതു കൊണ്ടു കഴിഞ്ഞിരുന്നു.” പ്യാനിച്ച് പറഞ്ഞു.
സാറിക്കു പിന്നാലെ പ്യാനിച്ച് യുവൻറസ് വിട്ടു ബാഴ്സയിലേക്കു ചേക്കേറിയിരുന്നു. ആദ്യ എൽ ക്ലാസികോ കളിക്കാൻ തയ്യാറെടുക്കുകയാണ് താരം.