അവസരങ്ങൾ നഷ്ടപ്പെടുത്തി റൊണാൾഡോ , അൽ ഹിലാലിനെതിരെ വിജയം കൈവിട്ട് അൽ നാസർ | Al Nassr

സൗദി പ്രൊ ലീഗിൽ അൽ നാസറിനെതിരെ സമനില നേടി അൽ ഹിലാൽ. അൽ-അവ്വൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന നിമിഷത്തിൽ അലക്‌സാണ്ടർ മിട്രോവിച്ച് പെനാൽറ്റിയിൽ നിന്നും നേടിയ ഗോളാണ് അൽ ഹിലാലിന്‌ സമനില നേടിക്കൊടുത്തത്.ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോൾ വീതമാണ് നേടിയത്.

സമനിലയോടെ 2023-24 സൗദി പ്രോ ലീഗിൽ അൽ ഹിലാൽ അപരാജിത കുതിപ്പ് നിലനിർത്തി. നിലവിലെ ചാമ്പ്യന്മാരായ അല്‍ ഹിലാലിനെതിരെ ഉറപ്പിച്ച വിജയമാണ് അല്‍ നസര്‍ കൈവിട്ടുകളഞ്ഞത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ അൽ നാസർ ലീഡ് നേടി.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അസിസ്റ്റിലൂടെ ഒറ്റാവിയോയാണ് ആതിഥേയര്‍ക്ക് വേണ്ടി ഗോള്‍ നേടിയത്.SPL-ൽ ഒരു സീസണിൽ (34) ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനെന്ന മൊറോക്കൻ അബ്ദുറസാഖ് ഹംദല്ലയുടെ റെക്കോർഡിന് ഒപ്പമെത്താൻ ഒരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മത്സരത്തിൽ ഗോൾ നേടാൻ മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു.

39 കാരനായ പോർച്ചുഗീസ് താരത്തിന് ആദ്യ പകുതിയിൽ അൽ നാസറിൻ്റെ ലീഡ് വർദ്ധിപ്പിക്കാനുള്ള മൂന്ന് എളുപ്പ അവസരങ്ങൾ നഷ്ടമായി.രണ്ടാം പകുതിയിൽ അൽ ഹിലാൽ പതിവ് ഫോം കണ്ടെത്തിയെങ്കിലും അവസരങ്ങൾ മുതലാക്കാനായില്ല. മത്സരത്തിൻ്റെ അവസാന ഘട്ടങ്ങളിൽ രണ്ട് മികച്ച സേവുകൾ നടത്തി ഗോൾകീപ്പർ ബൗണൗ തൻ്റെ ടീമിനെ രക്ഷകനായി.ഇഞ്ച്വറി ടൈമിൽ അല്‍ ഹിലാലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. സാദിയോ മാനെ സൗദ് അബ്ദുൽ ഹമീദിനെ ഫൗൾ ചെയ്തതിനാണ് അൽ ഹിലാലിന്‌ പെനാൽറ്റി ലഭിച്ചത്.ഒരു നീണ്ട VAR പരിശോധനയ്ക്ക് ശേഷം റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു.

കിക്കെടുത്ത അലെക്‌സാണ്ടര്‍ മിട്രോവിച്ച് ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചതോടെ അല്‍ നസര്‍ ലീഡ് കൈവിട്ടു. മാസാവസാനം നടക്കുന്ന കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസ് ഫൈനലിൽ ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടും.എസ്‌പിഎല്ലും സൗദി സൂപ്പർ കപ്പും ഉറപ്പിച്ചതിന് ശേഷം ആഭ്യന്തര ട്രബിൾ നേടാനുള്ള ഒരുക്കത്തിലാണ് അൽ ഹിലാൽ.ലീഗില്‍ 32 മത്സരങ്ങളില്‍ നിന്ന് 29 വിജയവും 90 പോയിന്റുമായി ഒന്നാമതാണ് അല്‍ ഹിലാല്‍. ഇത്രയും മത്സരങ്ങളില്‍ നിന്ന് 78 പോയിന്റുമായി തൊട്ടുപിന്നിലാണ് അല്‍ നസര്‍.

2.5/5 - (2 votes)
Cristiano Ronaldo