ഇക്വഡോറിനെതിരായ മത്സരത്തോടെ ലോകകപ്പ് യോഗ്യത ക്യാമ്പയിന് തുടക്ക കുറിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന.ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന് ബ്യൂണസ് ഐറിസിൽ വെച്ചാണ് മത്സരം നടക്കുന്നത്.മത്സരത്തിന് മുന്നോടിയായി അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി ടീമിനെക്കുറിച്ചും ലോകകപ്പ് യോഗ്യതാ മത്സരങ്ങളെക്കുറിച്ചും സംസാരിച്ചു.
ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ ഇറങ്ങിയ ആദ്യ ഇലവനിൽ ഒരു മാറ്റം ഇക്കഡോറിനെതിരെ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. എയ്ഞ്ചൽ ഡി മരിയക്ക് പകരം നിക്കോളാസ് ഗോൺസാലസ് ഇടം നേടിയേക്കും.നിലവിൽ ഫിയോറെന്റിനക്ക് വേണ്ടി കളിക്കുന്ന നിക്കോളാസ് ഗോൺസാലസ് മികച്ച ഫോമിലാണ്. മുന്നേറ്റ നിരയിൽ ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ് ഇവരിൽ ആര് കളിക്കുമെന്ന് ചോദ്യം സ്കെലോണിക്ക് നേരെ ഉയർന്നിരുന്നു.
“ലൗട്ടാരോയും ജൂലിയനും ഒരുമിച്ച് തുടങ്ങിയിട്ടുണ്ടോ എന്ന് എനിക്ക് ഓർമയില്ല, പക്ഷേ എനിക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. അവർ കളിക്കും, കാരണം അവർ രണ്ടുപേരും സ്‌ട്രൈക്കർമാരാണെങ്കിലും, അവർ വ്യത്യസ്തരാണ്. ജൂലിയന് കൂടുതൽ പിന്നോട്ട് കളിക്കാനാകും. ഓരോ ടീമിനും ഒരു ബാലൻസ് ഉണ്ടായിരിക്കണം, ചിലപ്പോൾ അവർക്ക് കളിക്കാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പക്ഷേ നാളെ അവർക്ക് ഒരുമിച്ച് കളിക്കുന്നത് ബുദ്ധിമുട്ടാണ്” സ്കെലോണി പറഞ്ഞു.
“അവർ രണ്ടുപേരും മികച്ച ലെവെലിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഒരാൾ അല്ലെങ്കിൽ മറ്റൊരാൾക്ക് നമുക്ക് എന്ത് നൽകാൻ കഴിയുമെന്നും ആലോചിച്ച് തീരുമാനമെടുക്കും.സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം, അവർ സുഖമായും സന്തോഷമായും ആയിരിക്കുക എന്നതാണ്” പരിശീലകൻ കൂട്ടിച്ചേർത്തു.
സാധ്യത ലൈനപ്പ്:എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, നിക്കോളാസ് ഗോൺസാലസ്; ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനസ് അല്ലെങ്കിൽ ജൂലിയൻ അൽവാരസ്