ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസി അർജന്റീന ടീമിൽ നിന്നും വിരമിൽ പ്രഖ്യാപനം നടത്തുമെന്നാണ് ഏവരും കരുതിയിരുന്നതെങ്കിലും കിരീടം നേടിയതിനു ശേഷം ടീമിൽ തന്നെ തുടരാനാണ് താരം തീരുമാനിച്ചത്. ലോകചാമ്പ്യനായി ഇനിയും മത്സരങ്ങൾ കളിക്കണമെന്നാണ് അർജന്റീന ടീമിൽ തുടരുന്നതിനു കാരണമായി ലയണൽ മെസി പറഞ്ഞത്.
അതേസമയം ലയണൽ മെസി എത്ര കാലം ടീമിനൊപ്പം ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിലെ സൂചനകൾ പ്രകാരം അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് വരെ മെസി അർജന്റീന ദേശീയ ടീമിനൊപ്പം ഉണ്ടാകും. അതേസമയം മെസി കളി നിർത്താൻ തീരുമാനിച്ചാൽ ടീമിനൊപ്പം തുടരാൻ സമ്മതിപ്പിക്കുമെന്നാണ് പരിശീലകൻ സ്‌കലോണി പറയുന്നത്.
“ലയണൽ മെസി എപ്പോൾ മറിച്ചൊരു തീരുമാനം പറയുന്നോ, അതുവരെ താരം അർജന്റീന ടീമിലുണ്ടാകും. കളി നിർത്താമെന്നാണ് താരം ചിന്തിക്കുന്നതെങ്കിൽ ഞാൻ താരത്തെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കും. ദേശീയ ടീമിനൊപ്പവും കളിക്കളത്തിലും മെസി വളരെ സന്തോഷവാനാണ്.” കഴിഞ്ഞ ദിവസം സ്‌കലോണി പറഞ്ഞു.
ലയണൽ മെസി അടുത്ത ലോകകപ്പ് വരെ അർജന്റീന ടീമിനൊപ്പം തുടരണമെന്നാണ് ആരാധകർ എല്ലാവരും ആഗ്രഹിക്കുന്നത്. അർജന്റീന ദേശീയ ടീമിൽ മെസി വളരെയധികം സന്തോഷവാനാണ്. സന്തോഷവാനായി തുടരുന്ന ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്താൻ മെസിക്ക് കഴിയാറുണ്ട്. അതുകൊണ്ടു തന്നെ താരത്തിന് ഇനിയും ദേശീയ ടീമിനായി സംഭാവന നൽകാൻ കഴിയും.
🗣Lionel Scaloni (Argentina coach) :
— PSG Chief (@psg_chief) March 21, 2023
“Leo Messi will keep here until he says otherwise. If he thinks of stopping, I will try to convince him. He's happy on the pitch and with the National Team.“
🇦🇷🐐✅ pic.twitter.com/5H4FYyzeE9
എന്നാൽ അടുത്ത ലോകകപ്പ് ആവുമ്പോഴേക്കും മുപ്പത്തിയൊമ്പതു വയസാകുമെന്നതിനാൽ അതുവരെ അർജന്റീനക്കൊപ്പം തുടരുന്നതിനെ കുറിച്ച് മെസി ചിന്തിക്കുന്നില്ല. എന്നാൽ തനിക്ക് ചുറ്റും കറങ്ങുന്ന, എല്ലാ താരങ്ങളും ഒത്തൊരുമയോടെ നിൽക്കുന്ന ദേശീയ ടീമിനൊപ്പം പരമാവധി കാലം തുടരുകയെന്നത് തന്നെയാവും മെസിയുടെ ലക്‌ഷ്യം.