ദേ, സൗദി പിന്നേം; സൂപ്പർ താരത്തിനായി വമ്പൻ ഓഫർ നൽകി അൽ ഹിലാൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെ യൂറോപ്പിലെ സൂപ്പർ താരങ്ങളെ വല വീശി പിടിക്കുകയാണ് സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ. യൂറോപ്പിലെ ഫിനാഷ്യൽ ഫെയർ പ്ലൈ നിയമങ്ങളും യൂറോപ്പിനേക്കാൾ മികച്ച പ്രതിഫലവുമൊക്കെ യൂറോപ്യൻ താരങ്ങളെ സൗദിയിലേക്ക് ആകർഷിക്കുകയാണ്. കരീം ബെൻസേമ, ഹാകിം സീയെച്ച്, എൻഗാളോ കാന്റെ, ഫിർമിനോ, കൗളിബാലി, സ്റ്റീവൻ ജെറാർഡ് തുടങ്ങിയ വമ്പൻ താരങ്ങളെ ടീമിലെത്തിച്ചതിന് യൂറോപ്പിലെ മറ്റൊരു വമ്പൻ കൂടി സൗദിയിലേക്ക് പോകുന്നു എന്നുള്ള വാർത്തകൾ പുറത്ത് വരികയാണ്.

ഇറ്റാലിയൻ ക്ലബ് ലാസിയോയുടെ മധ്യനിരതാരം മിലിങ്കോവിച്ച് സാവിച്ചിനെയാണ് ഇപ്പോൾ സൗദി ക്ലബായ അൽ ഹിലാൽ ലക്ഷ്യമിടുന്നത്. താരത്തിനായി 40 മില്യന്റെ ഓഫറാണ് അൽ ഹിലാൽ മുന്നോട്ട് വെച്ചത്. താരം അൽ ഹിലാലുമായി വെർബെൽ മീറ്റിലൂടെ കരാർ അംഗീകരിച്ചതായാണ് റിപോർട്ടുകൾ.

താരത്തിന് ലാസിയോയുമായി അടുത്ത സീസൺ വരെ കരാറുണ്ട്. താരവുമായി കരാർ പുതുക്കാൻ ലാസിയോയ്ക്ക് താൽപര്യമുണ്ടായിരുന്നു. ക്ലബ് താരത്തിന് പുതിയ കരാർ ഓഫർ നൽകുകയും ചെയ്തു. എന്നാൽ ക്ലബ്ബിന്റെ പുതിയ കരാറിൽ താരം ഒപ്പിടാത്തതോടെയാണ് ലാസിയോ താരത്തെ വിൽക്കാനുള്ള നീക്കം ആരംഭിച്ചത്.

മറ്റൊരു ഇറ്റാലിയൻ ക്ലബായ യുവന്റസ് താരത്തിനായി രംഗത്ത് വന്നെങ്കിലും അൽ ഹിലാൽ ഓഫർ ചെയ്ത പ്രതിഫലം യുവന്റസിന് നല്കാൻ കഴിയാത്തതോടെ യുവന്റസ് പിന്മാറുകയായിരുന്നു. 20 മില്യനാണ് അൽ ഹിലാൽ സാവിച്ചിന് മുന്നിൽ വെച്ച വാർഷിക പ്രതിഫലം. നിലവിൽ താരത്തിന് ലാസിയോയിൽ ലഭിക്കുന്നത് മൂന്നര മില്യൺ മാത്രമാണ്. താരം അൽ ഹിലാലിൽ കരാർ ഒപ്പിടുന്നതോടെ ലാസിയോയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ അഞ്ചിരട്ടിയോളം പ്രതിഫലം ഹിലാലിൽ താരത്തിന് ലഭിക്കും. നേരത്തെ ലയണൽ മെസ്സിക്ക് ലോക റെക്കോർഡ് തുക വാഗ്ദാനം ചെയ്തതും അൽ ഹിലാൽ തന്നെയാണ്. മെസ്സിക്ക് മാത്രമല്ല മറ്റൊരു അർജന്റീനിയൻ താരം ഡിബാലയ്ക്ക് വേണ്ടിയും അൽ ഹിലാൽ ശ്രമം നടത്തിയിരുന്നു. എന്നാൽ ഡിബാലയും ഹിലാലിന്റെ കരാർ തള്ളുകയായിരുന്നു.

കൗളിബാലി, റൂബൻ നവാസ്, എന്നീ വമ്പന്മാരായാണ് അൽ ഹിലാൽ ഈ സീസണിൽ സ്വന്തമാക്കിയത്. ഇവർക്ക് പുറമെ കൊളംബിയയുടെ ഗുസ്ഥാവോ ക്യൂലർ, ബ്രസീലിന്റെ മത്ത്യൂസ് പെരേര, ഒടിയൻ ഇഗാലോ, തുടങ്ങിയ വിദേശ താരങ്ങളും അൽ ഹിലാലിന് വേണ്ടിയാണ് പന്ത് തട്ടുന്നത്.

5/5 - (1 vote)