ലയണൽ മെസി പിഎസ്‌ജി വിടുമോ ബാഴ്‌സലോണയിലേക്ക് തിരികെ വരുമോ എന്നെല്ലാമുള്ള ചർച്ചകൾ ഇപ്പോൾ സജീവമായി ഉയരുന്നുണ്ട്. താരം ഇതുവരെ പിഎസ്‌ജി കരാർ പുതുക്കാത്തതിനെ തുടർന്നാണ് ഈ അഭ്യൂഹങ്ങൾ ശക്തമാകുന്നത്. അതിനിടയിൽ ലയണൽ മെസിയെയും ബാഴ്‌സലോണ നായകനായ സെർജിയോ ബുസ്‌ക്വറ്റ്‌സിനെയും സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് ഇന്റർ മിയാമി പരിശീലകൻ വെളിപ്പെടുത്തുകയും ചെയ്‌തു.
ഇപ്പോൾ വാർത്തകളിൽ നിറയുന്ന മറ്റൊരു കാര്യം മെസി ഇനി ചേക്കേറാൻ ആഗ്രഹിക്കുന്ന ക്ലബ്ബിനെ താരത്തിന്റെ അടുത്ത സുഹൃത്തായ സെർജിയോ അഗ്യൂറോ അബദ്ധത്തിൽ വെളിപ്പെടുത്തിയെന്നതാണ്. കഴിഞ്ഞ ദിവസം യുഒഎൽ സ്‌പോർട്ടെയോട് സംസാരിക്കുമ്പോൾ ലയണൽ മെസി തന്റെ ബാല്യകാല ക്ലബായ നെവിൽസ് ഓൾഡ് ബോയ്‌സിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് അഗ്യൂറോ പറഞ്ഞത്.
അഗ്യൂറോ പറഞ്ഞതിലെ അബദ്ധം മനസിലാക്കിയ മറ്റൊരു മുൻ അർജന്റീന താരമായ മാക്‌സി റോഡ്രിഗസ് അതിൽ ഇടപെടുന്നുണ്ട്. അഗ്യൂറോക്ക് വായടച്ചിരിക്കാൻ കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം ഒരുപാട് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനാൽ മെസിയുടെ കാര്യത്തിൽ വ്യക്തമായി ഒന്നും പറയാൻ കഴിയില്ലെന്നും എന്താണ് അക്കാര്യത്തിൽ സംഭവിക്കുകയെന്നു കാത്തിരുന്ന് അറിയാമെന്നും വ്യക്തമാക്കി. കടന്നു ചിന്തിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.
Full story:https://t.co/NtpcgRpTZK
— SPORTbible (@sportbible) February 24, 2023
അതേസമയം ലയണൽ മെസി ഈ സീസണു ശേഷം അർജന്റീന ലീഗിലേക്ക് ചേക്കേറാനുള്ള സാധ്യത വളരെ കുറവാണ്. ലോകകപ്പിൽ അർജന്റീന ടീമിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ താരത്തിന് ഇനിയും യൂറോപ്പിൽ നിരവധി വർഷങ്ങൾ തിളങ്ങാൻ കഴിയും. അതുകൊണ്ടു തന്നെ പിഎസ്‌ജി കരാർ പുതുക്കിയില്ലെങ്കിലും മെസി യൂറോപ്പിൽ തന്നെ തുടരാനോ അല്ലെങ്കിൽ അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനൊ ആണ് സാധ്യത.