2023 വർഷത്തിലെ ആദ്യത്തെ മത്സരത്തിൽ തന്നെ തോൽവി വഴങ്ങിയതിനു പിന്നാലെ പിഎസ്ജി പ്രതിരോധതാരം സെർജിയോ റാമോസിനെതിരെ വിമർശനവുമായി പിഎസ്ജി ആരാധകർ. മത്സരത്തിൽ ലെൻസ് നേടിയ രണ്ടാമത്തെ ഗോളിനുള്ള പ്രത്യാക്രമണം തടുക്കാൻ ശ്രമിച്ച റാമോസ് അതിനു കഴിയാതെ പൂർണമായും പരാജയപ്പെട്ടതാണ് ആരാധകർ താരത്തിനെതിരെ വിമർശനം നടത്താൻ കാരണമായത്. ഈ പ്രതിരോധവും വെച്ച് മികച്ച ആക്രമണനിരയുള്ള ബയേൺ മ്യൂണിക്കിനെ ചാമ്പ്യൻസ് ലീഗിൽ എതിരിടുന്നത് എങ്ങനെയെന്നും ആരാധകർ ചോദിക്കുന്നു.
ഈ സീസണിൽ ഇതുവരെയും തോൽവി അറിഞ്ഞിട്ടില്ലാത്ത പിഎസ്ജി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലെൻസിനെതിരെ തോൽവി വഴങ്ങിയത്. ഫ്രഞ്ച് ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ടീമിനെതിരെ തോൽവി വഴങ്ങിയതോടെ രണ്ടു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം നാലായി കുറഞ്ഞിട്ടുണ്ട്. ലയണൽ മെസി, നെയ്മർ എന്നിവരുടെ അഭാവമാണ് പിഎസ്ജിക്ക് തോൽവി സമ്മാനിച്ചത്. ലയണൽ മെസി ലോകകപ്പിനു ശേഷം ഇതുവരെയും ടീമിനൊപ്പം ചേരാത്തതു കൊണ്ടും നെയ്മർ കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചതു കൊണ്ടുമാണ് ഇന്നലെ കളിക്കാതിരുന്നത്.
മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനുട്ടിൽ ലെൻസ് താരം ഒപ്പേണ്ട നടത്തിയ മുന്നേറ്റം മധ്യവരക്കടുത്തു നിന്നും തടയാൻ സെർജിയോ റാമോസ് ശ്രമിച്ചു. എന്നാൽ അമിതമായ ആത്മവിശ്വാസം താരത്തിന് വിനയായപ്പോൾ ആ നീക്കം പിഴക്കുകയും മുഖമടിച്ച് ഗ്രൗണ്ടിൽ വീഴുകയുമായിരുന്നു. ഇതോടെ ഏറെക്കുറെ ഒറ്റക്ക് മുന്നേറിയ ലെൻസ് താരം ബോക്സിൽ എത്തിയതിനു ശേഷം തന്നെ തടുക്കാൻ വന്ന മാർക്വിന്യോസിനെ വെട്ടിച്ച് വീഴ്ത്തി ഗോൾകീപ്പറെ മറികടന്ന് ടീമിന് ലീഡ് നേടിക്കൊടുത്ത ഗോൾ സ്വന്തമാക്കി.
Edit que eu fiz rapaziada! pic.twitter.com/7V9vSoTNFL
— Gabriel ˢᵖᶠᶜ🇾🇪 (@Gabriel_Messi30) January 1, 2023
മുപ്പത്തിയാറുകാരനായ റാമോസ് കഴിഞ്ഞ സീസൺ മുഴുവൻ പരിക്കേറ്റു പുറത്തിരുന്നതിനു ശേഷം ഈ സീസണിലാണ് ടീമിലെ സ്ഥിരസാന്നിധ്യമായത്. എന്നാൽ താരമടക്കമുള്ള പിഎസ്ജി പ്രതിരോധനിരയുടെ പ്രകടനം വളരെയധികം നിരാശ നൽകുന്നതാണെന്ന കാര്യത്തിൽ യാതൊരു സംശയാവുമില്ല. പിഎസ്ജിയുടെ പ്രധാന ലക്ഷ്യമായ ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെങ്കിൽ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രതിരോധതാരങ്ങളെ ടീമിലെത്തിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.