ബാഴ്സയുടെ പരിശീലകസ്ഥാനത്ത് നിന്നും കീക്കെ സെറ്റിയന്റെ തൊപ്പി തെറിച്ചതെങ്ങനെയെന്ന് ആരും മറക്കാനിടയുണ്ടാവില്ല. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ 8-2 എന്ന നാണംകെട്ട തോൽവിയാണ് സെറ്റിയന്റെ ബാഴ്സ വഴങ്ങിയത്. തുടർന്ന് വലിയ തോതിലുള്ള പ്രശ്നങ്ങളാണ് ബാഴ്സക്കകത്ത് പൊട്ടിപുറപ്പെട്ടത്. തുടർന്ന് പരിശീലകനായ സെറ്റിയന്റെയും സ്പോർട്ടിങ് ഡയറക്ടറായ എറിക് അബിദാലിന്റെയും സ്ഥാനം തെറിക്കുകയായിരുന്നു.
ഇപ്പോഴിതാ സെറ്റിയനെ ക്ലബ്ബിന്റെ പരിശീലകനാക്കാൻ വേണ്ടി ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ബ്രസീലിയൻ ക്ലബായ പാൽമിറാസ്. ബ്രസീലിയൻ മാധ്യമമായ ഗ്ലോബെ എസ്പോർട്ടയാണ് ഈ വാർത്തയുടെ ഉറവിടം. നിലവിൽ രണ്ട് പരിശീലകരെയാണ് പാൽമിറാസ് കണ്ടുവെച്ചിരിക്കുന്നത്. മുൻ റയൽ മാഡ്രിഡ് ഡിഫൻഡറായ ഗബ്രിയേൽ ഹെയിൻസിനേയും കീക്കെ സെറ്റിയനെയുമാണ് ഇവർ നോട്ടമിട്ടിരിക്കുന്നത്. രണ്ടിലൊരാളെ പാൽമിറാസ് ക്ലബ്ബിൽ എത്തിച്ചേക്കും.
ബ്രസീലിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ് പാൽമിറാസ്. പതിനെട്ടു മില്യനോളം ആരാധകപിന്തുണയുള്ള ടീമാണ് പാൽമിറാസ്. ടീമിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സെറ്റിയന് കഴിയുമെന്നാണ് ക്ലബ് അധികൃതർ കരുതുന്നത്. എന്നാൽ സെറ്റിയൻ ബ്രസീലിലേക്ക് പോവുമോ എന്നുള്ളത് നോക്കികാണേണ്ടതുണ്ട്. ബാഴ്സ വിട്ടതിന് ശേഷവും ബാഴ്സക്കെതിരെ നിയമപരമായി സെറ്റിയൻ നീങ്ങിയിരുന്നു. നാലു മില്യൺ യൂറോയോളം തന്നെ പുറത്താക്കിയ വകുപ്പിൽ തനിക്ക് ലഭിക്കാനുണ്ട് എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.
ബാഴ്സയെ ഇരുപത്തിയഞ്ച് മത്സരങ്ങളിലാണ് ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുള്ളത്. ഇതിൽ പതിനാറ് വിജയവും നാലു സമനിലയും അഞ്ച് തോൽവിയുമാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. ഇദ്ദേഹത്തിന്റെ പകരക്കാരനായി സ്ഥാനമേറ്റടുത്ത കൂമാന് കീഴിൽ ഭേദപ്പെട്ട പ്രകടനമാണ് ബാഴ്സ നടത്തുന്നത്.