അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോനിക്ക് ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത് പരിക്കുകൾ തന്നെയാണ്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പരിശീലകൻ പറയുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് സൂപ്പർതാരം ലോ സെൽസോയുടെ പരിക്കിന്റെ കാര്യത്തിൽ ഏറെ ആശങ്കയുണ്ട്. തുടർച്ചയായ ക്ലബ്ബ് മത്സരങ്ങൾ നടക്കുന്നതാണ് ഇപ്പോൾ താരങ്ങൾക്ക് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
അർജന്റീനയുടെ പല താരങ്ങളും പരിക്കിന്റെ പിടിയിലാണ്. ഈ സമീപകാലത്ത് 7 അർജന്റീന താരങ്ങൾക്കാണ് പരിക്കേറ്റിട്ടുള്ളത്. തുടക്കത്തിൽ പരിക്കേറ്റ ഒരു താരമാണ് യുവാൻ ഫോയ്ത്ത്. എന്നാൽ താരം ഇപ്പോൾ പരിക്കിൽ നിന്നും മുക്തനായി കൊണ്ട് മടങ്ങിയെത്തിയത് അർജന്റീനക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.
മറ്റൊരു താരം ലിയാൻഡ്രോ പരേഡസാണ്. പരിക്ക് മൂലം യുവന്റസിന്റെ ചില മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി കഴിഞ്ഞിരുന്നു. പക്ഷേ ഡോക്ടർമാരുടെ ഗ്രീൻ ലൈറ്റ് അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.അതായത് നിലവിൽ ശാരീരികമായി അദ്ദേഹം തന്റെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്.
മറ്റൊരു താരം ക്രിസ്റ്റൻ റൊമേറോയാണ്.താരം 10 ദിവസം പുറത്തിരിക്കേണ്ടിവരും.വേൾഡ് കപ്പിന് മുന്നേ ക്ലബ്ബിനു വേണ്ടിയുള്ള മത്സരങ്ങൾ അദ്ദേഹം കളിക്കില്ല.എന്നാൽ ഖത്തർ വേൾഡ് കപ്പിന് മുന്നേ അദ്ദേഹം തന്റെ ഫിറ്റ്നസ് വീണ്ടെടുക്കും. മറ്റൊരു താരം നിക്കോളാസ് ഗോൺസാലസ് ആണ്.ഒരാഴ്ചക്കുള്ളിൽ അദ്ദേഹം മടങ്ങിയെത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയയും പരിക്കിന്റെ പിടിയിലാണ്. എന്നാൽ അദ്ദേഹവും ഒരാഴ്ചക്കുള്ളിൽ കളത്തിലേക്ക് മടങ്ങിയെത്തും.ലോ സെൽസോയുടെ കാര്യത്തിലാണ് ഇപ്പോൾ വലിയ ആശങ്കകൾ നിലനിൽക്കുന്നത്.അദ്ദേഹത്തിന് സർജറി ചെയ്യപ്പെട്ടാൽ വേൾഡ് കപ്പ് നഷ്ടമാവാനുള്ള സാധ്യതയുണ്ട്. അവസാന നിമിഷം വരെ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കും എന്നാണ് അർജന്റീന പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പൗലോ ഡിബാലയുടെ കാര്യത്തിലും ചെറിയ ആശങ്കകൾ ഉണ്ട്. ഇനിയും മൂന്നാഴ്ചയോളം താരം കളത്തിന് പുറത്ത് ഇരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഏതായാലും ഈ താരങ്ങളെ എല്ലാവരെയും വേൾഡ് കപ്പിന് ലഭിക്കണേ എന്നുള്ള പ്രാർത്ഥനയിലാണ് അർജന്റീന ആരാധകർ ഉള്ളത്.