യൂറോപ്പ ലീഗിൽ ഏഴാം കിരീടവുമായി സെവിയ്യ. ഇന്നലെ ബുഡപെസ്റ്റിൽ നടന്ന കലാശ പോരാട്ടത്തിൽ ഹോസെ മൗറീഞ്ഞോയുടെ റോമയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കിയാണ് സെവിയ്യ യൂറോപ്പ ലീഗ് സ്വന്തമാക്കിയത്. ഇതോടെ സെവിയ്യ യൂറോപ്പിലെ രണ്ടാം ടയർ മത്സരത്തിൽ ഏഴ് ഫൈനലുകളിൽ ഏഴ് വിജയങ്ങൾ നേടി.
നിശ്ചിത സമയത്ത് ഇരു ടീമുകളും 1 ഗോൾ അടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. ഷൂട്ട് ഔട്ടിൽ 4 -1 എന്ന സ്കോറിനാണ് സെവിയ്യ വിജയിച്ചത്.ബുഡാപെസ്റ്റിലെ ആദ്യ പകുതിയിൽ പൗലോ ഡിബാലയുടെ ഗോളിലൂടെ റോമ ലീഡെടുത്തു . എന്നാൽ 55 ആം മിനുട്ടിൽ റോമ ഡിഫൻഡർ ജിയാൻലൂക്ക മാൻസിനിയുടെ സെൽഫ് ഗോൾ സെവിയ്യക്ക് സമനില നേടിക്കൊടുത്തു.
83-ാം മിനിറ്റിൽ ഇറ്റാലിയൻ ടീം മുന്നിലെത്തേണ്ടതായിരുന്നു, എന്നാൽ പകരക്കാരനായ ആൻഡ്രിയ ബെലോട്ടി തന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു, ക്യാപ്റ്റൻ ലോറെൻസോ പെല്ലെഗ്രിനി സമർത്ഥമായ ഒരു ഫ്രീകിക്കിലൂടെ കൊടുത്ത പാസ് അദ്ദേഹത്തിന് ഗോളാക്കാൻ സാധിച്ചില്ല. എക്സ്ട്രാ ടൈമിൽ റോമ ഡിഫൻഡർ ക്രിസ് സ്മാളിംഗ് ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.
എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിക്കാത്തതോടെ പുസ്കാസ് അരീനയിൽ കളി പെനാൽറ്റിയിലേക്ക് പോയി. അർജന്റീനയുടെ ലോകകപ്പ് പെനാൽറ്റി ഹീറോ മോണ്ടിയൽ ആണ് സെവിയ്യയുടെ വിജയ ഗോൾ നേടിയത്. സെവിയ്യ ഗോൾ കീപ്പർ യാസീൻ ബൗനൂ റോമയുടെ രണ്ടു കിക്കുകൾ തടയുകയും ചെയ്തു.