സെവിയ്യക്കെതിരായ ലാലിഗ മത്സരത്തിൽ താൻ കാഴ്ച വെച്ച പ്രകടനം മോശമായിരുന്നു എന്ന കൂമാന്റെ വിമർശനം ശരി വെച്ച് ബാഴ്സലോണ മധ്യനിര താരം ഫ്രാങ്കി ഡി ജോംഗ്. സെവിയ്യ മികച്ച പ്രസിംഗ് കാഴ്ച വെച്ച മത്സരത്തിൽ തന്റെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ച വെക്കാൻ ഡി ജോംഗിനു കഴിഞ്ഞിരുന്നില്ല. ലീഗിലെ ആദ്യ രണ്ടു മത്സരത്തിൽ വിജയം നേടിയ ബാഴ്സ സെവിയ്യക്കെതിരെ സമനില വഴങ്ങുകയും ചെയ്തിരുന്നു.
“ഡി ജോംഗ് ഒരുപാടു തവണ പന്തു നഷ്ടപ്പെടുത്തി മറ്റു താരങ്ങളേക്കാൾ മോശം പ്രകടനമാണ് കാഴ്ച വെച്ചത്.” സെവിയ്യക്കെതിരായ മത്സരത്തിനു ശേഷം കൂമാൻ പറഞ്ഞിരുന്നു. ഇന്നു രാത്രി ബോസ്നിയയെ നേരിടാൻ നെതർലൻഡ്സ് ടീമിനൊപ്പം പരിശീലനം നടത്തുമ്പോഴാണ് ഇതേക്കുറിച്ച് ഡി ജോംഗ് പ്രതികരിച്ചത്.
“സെവിയ്യക്കെതിരെ ഞാൻ മികച്ച കളി കാഴ്ച വെച്ചിരുന്നില്ല. ഞാൻ ശരാശരി പ്രകടനം മാത്രമാണ് നടത്തിയത്. എന്റെ ഫോമിനെ കുറിച്ചാണെങ്കിൽ അത് അടുത്ത മത്സരങ്ങളിൽ നിന്നും കണ്ടു തന്നെ മനസിലാക്കേണ്ടതാണ്ട്.” മാധ്യമങ്ങളോട് ഡി ജോംഗ് പറഞ്ഞു.
ബോസ്നിയക്കെതിരായ മത്സരത്തിനു ശേഷം ഇറ്റലിയെയാണ് നെതർലൻഡ്സിനു നേരിടാനുള്ളത്. മികച്ച താരങ്ങൾ ടീമിലുണ്ടെങ്കിലും എല്ലായിപ്പോഴും വിജയം നേടുക നെതർലൻഡ്സിനെ സംബന്ധിച്ച് അസാധ്യമാണെന്നും എന്നാൽ ടീമിന്റെ പ്രകടനത്തിന്റെ നിലവാരമുയർത്താൻ ഓരോ മത്സരങ്ങളിലും കഴിയുന്നുണ്ടെന്നും ഡി ജോംഗ് വ്യക്തമാക്കി.