റൊണാൾഡോയെ പുറത്തിരുത്തണം, പോർച്ചുഗൽ ആരാധകരും താരത്തിനെതിരെ |Qatar 2022

ക്രിസ്ത്യാനോ റൊണാൾഡോയെ സംബന്ധിച്ച് ഈ സീസണിന്റെ തുടക്കം മുതൽ തന്നെ തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനാഗ്രഹിച്ച താരത്തിന് സമ്മറിൽ അതിനു കഴിഞ്ഞില്ല. എറിക് ടെൻ ഹാഗിനു കീഴിൽ ഒരു പകരക്കാരനായി മാറിയ റൊണാൾഡോക്ക് അവസരങ്ങളും കുറവായിരുന്നു. അവസരങ്ങൾ കിട്ടുമ്പോഴും മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞതുമില്ല.

അതിനിടയിൽ നിരവധി വിവാദങ്ങളും റൊണാൾഡോ സൃഷ്ടിച്ചു. മത്സരം തീരുന്നതിനു മുൻപ് സ്റ്റേഡിയം വിട്ടു പോയതും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വിമർശനം നടത്തിയതും അതിലുൾപ്പെടുന്നു. ഇതേത്തുടർന്ന് താരത്തിനെതിരെ ആരാധകരും തിരിഞ്ഞിരുന്നു. ലോകകപ്പിൽ പോർച്ചുഗൽ ടീമിനൊപ്പം ഗംഭീര പ്രകടനം നടത്തി താരം ഇതിനെല്ലാം മറുപടി നൽകുമെന്നാണ് ഏവരും കരുതിയിരുന്നത്.

എന്നാൽ ലോകകപ്പിൽ മൂന്നു മത്സരങ്ങൾ കളിച്ചിട്ടും ടീമിനുള്ളിൽ വേണ്ടത്ര ഇംപാക്ട് സൃഷ്ടിക്കാൻ റൊണാൾഡോക്കു കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തിൽ ഒരു പെനാൽറ്റി ഗോൾ നേടിയതൊഴിച്ചാൽ ടീമിനു വേണ്ടി റൊണാൾഡോ കാര്യമായൊന്നും ചെയ്തിട്ടില്ല. ഇതേത്തുടർന്ന് താരത്തിനെതിരെ പോർച്ചുഗലിൽ നിന്നുള്ള ആരാധകരും തിരിഞ്ഞിട്ടുണ്ടെന്ന് ഇപ്പോഴത്തെ റിപ്പോർട്ടുകൾ പറയുന്നു.

പോർച്ചുഗീസ് മാധ്യമമായ എ ബോല അടുത്തിടെ നടത്തിയ സർവേയിലാണ് റൊണാൾഡോയുടെ സ്വാധീനം നഷ്ടപ്പെടുന്നതായി വ്യക്തമാകുന്നത്. സർവേയിൽ പങ്കെടുത്ത എഴുപതു ശതമാനം പേരും പ്രീ ക്വാർട്ടർ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കരുത് എന്നാണ് ആവശ്യപ്പെടുന്നത്. താരത്തിന്റെ സാന്നിധ്യം ടീമിന്റെ പ്രകടനത്തെ പിന്നോട്ടു വലിക്കുന്നുവെന്ന് അവർ കരുതുന്നു.

സ്വിറ്റ്സർലൻഡിനെതിരെയാണ് പോർച്ചുഗൽ പ്രീ ക്വാർട്ടർ കളിക്കുന്നത്. മത്സരത്തിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കാനുള്ള ധീരമായ തീരുമാനം സാന്റോസ് സ്വീകരിക്കുമോ എന്നു കണ്ടറിയേണ്ടതാണ്. റാഫ ലിയാവോ, ആന്ദ്രേ സിൽവ തുടങ്ങി പകരക്കാരാവാൻ മികച്ച താരങ്ങൾ പോർച്ചുഗലിലുണ്ട്.

Rate this post