ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ജേഴ്‌സിയിൽ കളിക്കണം,സ്വപ്നം പങ്കുവെച്ച് 21 കാരൻ |Argentina |Qatar World Cup

വളർന്നു വരുന്ന ഏതൊരു അർജന്റീനിയൻ യുവ ഫുട്ബോൾ താരത്തിന്റെയും സ്വപ്നമാണ് മറഡോണയും മെസ്സിയുമെല്ലാം അണിഞ്ഞ ദേശീയ ടീമിന്റെ മനോഹരമായ ജേഴ്സി അണിയുക എന്നത്. ഒരിക്കലെങ്കിലും ജേഴ്സിയണിഞ്ഞവരുടെ ഏറ്റവും വലിയ അഭിലാഷമാണ് ലോകകപ്പിൽ ഒരിക്കലെങ്കിലും കളിക്കുക. കഴിവുകളെല്ലാം ഉണ്ടായിരുന്നിട്ടും പല താരങ്ങൾക്കും അവരുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സാധിച്ചിച്ചിട്ടില്ല.

എന്നാൽ അവസരം ലഭിച്ച പല താരങ്ങൾക്കും അത് ശെരിയായ രീതിയിൽ വിനിയോഗിക്കാൻ സാധിച്ചതുമില്ല. ഖത്തർ വേൾഡ് കപ്പ് ആരംഭിക്കാൻ ഇനി 100 ൽ താഴെ ദിവസങ്ങൾ മാത്രമാണുള്ളത്. ദേശീയ ടീമിൽ കയറിക്കൂടുക എന്ന ലക്ഷ്യം മുൻനിർത്തി ഓരോ താരങ്ങളും ക്ലബ് തലത്തിൽ അവരുടെ ഏറ്റവും മികച്ച പ്രകടനം നടത്തുകയാണ്. വരുന്ന വേൾഡ് കപ്പിൽ അർജന്റീന ടീമിൽ ഇടം നേടാൻ മത്സരിക്കുന്ന ഒരു യുവ താരമുണ്ട്.മേജർ ലീഗ് സോക്കറിൽ അറ്റ്ലാന്റ യുണൈറ്റഡ് താരം തിയാഗോ അൽമാഡയാണ് ആ താരം. നിലവിലെ സീസണിൽ അറ്റ്‌ലാന്റ യുണൈറ്റഡിന്റെ ഹൃദയവും ആത്മാവുമായി തിയാഗോ അൽമാഡ മാറി.

21 കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഈ സീസണിൽ ഇതുവരെ 21 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി, വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ അർജന്റീനിയൻ ദേശീയ ടീമിനൊപ്പം കളിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. 2019 ൽ അർജന്റീന അണ്ടർ 20 ടീമിലും 2021 ലെ അണ്ടർ 23 ടീമിലും അൽമാഡ കളിച്ചിട്ടുണ്ട്, എന്നാൽ ആദ്യ ടീമിനൊപ്പം ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല.അറ്റ്‌ലാന്റ യുണൈറ്റഡ് മിഡ്‌ഫീൽഡർ അർജന്റീനയുടെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായ ലയണൽ സ്‌കലോനിയുമായി ഒരു കൂടിക്കാഴ്ച നടത്തിയതായി ടിഎൻടി സ്പോർട്സ് പറഞ്ഞു.

“ഞാൻ അർജന്റീന യൂത്ത് ദേശീയ ടീമിനായി അവസാനമായി കളിച്ചപ്പോൾ ലയണൽ സ്കലോനി എന്നെ അഭിനന്ദിച്ചു. അദ്ദേഹം എന്നെ ശ്രദ്ധിക്കുമെന്ന് പറഞ്ഞു. ദേശീയ ടീമിൽ കളിക്കുക എന്നത് എന്റെ എക്കാലത്തെയും സ്വപ്നമാണ്. ഞാൻ എല്ലാ കളികളും കാണാറുണ്ട്, ഖത്തറിൽ അർജന്റീന ടീമിനൊപ്പം ഞാൻ ആഗ്രഹിക്കുന്നു,” തിയാഗോ അൽമാഡ പറഞ്ഞു.അർജന്റീനിയൻ ഫസ്റ്റ് ഡിവിഷനിലെ വെലെസ് സാർസ്ഫീൽഡിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് 21 കാരൻ ഫെബ്രുവരിയിൽ മേജർ ലീഗ് സോക്കറിൽ അറ്റ്ലാന്റ യുണൈറ്റഡിൽ ചേരുന്നത്.

അർജന്റീനിയൻ ക്ലബ്ബിൽ എല്ലാ മത്സരങ്ങളിലുമായി 100 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും 11 അസിസ്റ്റുകളും അദ്ദേഹം രേഖപ്പെടുത്തി. 2025 വരെ നീളുന്ന ഒരു കരാറിലാണ് താരം അമേരിക്കയിലെത്തിയത്.സെപ്റ്റംബറിലെ ഫിഫ ഇന്റർനാഷണൽ ഇടവേളയിൽ അർജന്റീനിയൻ ദേശീയ ടീമിലേക്കുള്ള തന്റെ ആദ്യ വിളിക്കായി താരം കാത്തു നിൽക്കുകയാണ്.

Rate this post
ArgentinaFIFA world cupQatar2022Thiago Almada