അർജന്റീനയുടെ ഇപ്പോഴത്തെ വിജയ കുതിപ്പുകളിലും കോപ്പ അമേരിക്ക കിരീട നേട്ടത്തിലും നിർണായക സാന്നിധ്യമായ താരങ്ങളിൽ ഒരാളാണ് ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്. താരത്തിന്റെ അത്യുജ്ജല പ്രകടനം പലപ്പോഴും അർജന്റീനക്ക് തുണയായിട്ടുണ്ട്. വരുന്ന ഖത്തർ വേൾഡ് കപ്പിലും ഒരുപാട് കാര്യങ്ങൾ എമിലിയാനോക്ക് ചെയ്യാനുണ്ട്.
അർജന്റീനക്ക് വേണ്ടി 18 മത്സരങ്ങളാണ് ആകെ എമിലിയാനോ മാർട്ടിനസ് കളിച്ചിട്ടുള്ളത്. അതിൽ ഭൂരിഭാഗം മത്സരത്തിലും ക്ലീൻ ഷീറ്റ് നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രതിരോധനിരയുടെ മികവും എമിയുടെ മികവും കൂടിച്ചേരുമ്പോൾ അർജന്റീന വളരെ ശക്തമായ രൂപത്തിലേക്ക് മാറുകയാണ്. തീർച്ചയായും അത് വേൾഡ് കപ്പിലും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇപ്പോൾ വേൾഡ് കപ്പിനെ കുറിച്ച് എമിലിയാനോ സംസാരിച്ചിട്ടുണ്ട്.കോപ്പ അമേരിക്ക കിരീടം നേടിയതുപോലെ വേൾഡ് കപ്പ് കിരീടം നേടുന്നതും താൻ സ്വപ്നം കാണുന്നുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടണമെന്നുള്ള ആഗ്രഹവും ഈ ആസ്റ്റൻ വില്ല ഗോൾകീപ്പർ പങ്കുവെച്ചിട്ടുണ്ട്.
‘ സത്യം പറഞ്ഞാൽ എന്റെ ഒരു സ്വപ്നം ഞാൻ മറികടന്നു എന്നുള്ളതാണ്. അർജന്റീനയുടെ ദേശീയ ടീമിനൊപ്പം കളിക്കുക എന്നുള്ളതായിരുന്നു എന്റെ സ്വപ്നം.മറ്റൊരു സ്വപ്നം കോപ്പ അമേരിക്കയിൽ കളിക്കുകയും കിരീടം നേടുകയും ചെയ്യുന്നതായിരുന്നു.അതും ഞാൻ സഫലമാക്കി കഴിഞ്ഞു. ഇനി എന്റെ സ്വപ്നം വേൾഡ് കപ്പ് സ്വന്തമാക്കണം എന്നുള്ളതാണ്.മാത്രമല്ല വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആവണം. അതും എന്റെ സ്വപ്നമാണ്, ഞാൻ അതിനു വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.ഞങ്ങൾ കിരീടം നേടുമോ എന്നുള്ളത് എനിക്കറിയില്ല, പക്ഷേ ഞാൻ അത് സ്വപ്നം കാണുന്നുണ്ട് ‘ ഗോൾ കീപ്പർ പറഞ്ഞു.
Emiliano Dibu Martínez on Lionel Scaloni, the World Cup, Argentina, Lionel Messi. https://t.co/hzswfl0583
— Roy Nemer (@RoyNemer) October 13, 2022
അർജന്റീനയുടെ താരങ്ങളെല്ലാവരും ഇത്തവണ വലിയ ആത്മവിശ്വാസത്തിൽ തന്നെയാണ്. തങ്ങളുടെ ഇപ്പോഴത്തെ മികവ് വേൾഡ് കപ്പിലും തുടരാൻ കഴിയുമെന്നുള്ള പ്രതീക്ഷകളാണ് ഈ താരങ്ങൾ എല്ലാവരും പങ്കുവെക്കുന്നത്. പ്രധാനപ്പെട്ട ചില താരങ്ങളുടെ പരിക്ക് മാത്രമാണ് നിലവിൽ അർജന്റീനക്ക് ആശങ്കക്ക് വഴി നൽകുന്നത്.