പിഎസ്ജിയിൽ നിന്നും ഈ സീസണിൽ ചെൽസിയിലെത്തിയ ബ്രസീലിയൻ താരം തിയാഗോ സിൽവ ടീമിലുണ്ടാക്കിയ പ്രഭാവം വളരെ വലുതാണെന്ന് ഫ്രാങ്ക് ലംപാർഡ്. സിൽവ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളാണെന്നു വെളിപ്പെടുത്തിയ ലംപാർഡ് അതിനെ ഊട്ടിയുറപ്പിക്കുന്നതിനായി താരം ടീമിനു കിരീടങ്ങൾ സ്വന്തമാക്കി നൽകേണ്ടത് അത്യാവശ്യമാണെന്നും ഓർമിപ്പിച്ചു.
“കരിയറിനെ കണക്കിലെടുത്താൽ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളെന്ന ഗണത്തിൽ സിൽവയുമുണ്ടാകും. അദ്ദേഹം ഉണ്ടാക്കിയ പ്രഭാവം വലുതാണെങ്കിലും അതിൽ കൂടുതലാണു ഞാൻ പ്രതീക്ഷിക്കുന്നത്. കിരീടങ്ങൾ വിജയിച്ച ടീമുകളെപ്പോലെ ആ ലക്ഷ്യത്തിലെത്താനാണു ഞങ്ങളും ശ്രമിക്കുന്നത്.” ലംപാർഡ് പറഞ്ഞു.
കഴിഞ്ഞ സീസണിൽ പ്രതിരോധത്തിൽ നിരവധി പ്രശ്നങ്ങൾ അനുഭവിച്ച ചെൽസി ഇത്തവണ തുടക്കത്തിൽ പതറിയെങ്കിലും തിരിച്ചു വരവിന്റെ പാതയിലാണ്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ഒരു ഗോൾ പോലും ചെൽസി പ്രതിരോധം വഴങ്ങിയിട്ടില്ല. സിൽവയുടെ നേതൃഗുണവും പരിചയ സമ്പത്തുമാണ് ഇതിൽ നിർണായക സ്വാധീനം ചെലുത്തുന്നത്.
ഏഴു മത്സരങ്ങൾ പ്രീമിയർ ലീഗിൽ കളിച്ച ചെൽസി നിലവിൽ പന്ത്രണ്ടു പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ഓരോ മത്സരത്തിലും താരങ്ങൾ കൂടുതൽ ഒത്തിണക്കം കാണിക്കുന്നത് ആരാധകർക്ക് പ്രതീക്ഷയാണ്. ഷെഫീൽഡ് യുണൈറ്റഡിനെയാണ് അടുത്ത മത്സരത്തിൽ ചെൽസി നേരിടാനൊരുങ്ങുന്നത്.