ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇസ്താംബൂളിനോട് പരാജയമറിഞ്ഞത്. തീർത്തും നിരാശജനകമായ പ്രകടനമായിരുന്നു യുണൈറ്റഡിന്റെ ഭാഗത്തു നിന്നുണ്ടായത്. മോശം ഡിഫൻസാണ് പലപ്പോഴും യുണൈറ്റഡിന് വിനയാകാറുള്ളത്. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്സണലിനോടും യുണൈറ്റഡ് തോൽവി അറിഞ്ഞിരുന്നു.
ഇതോടെ പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറുടെ സ്ഥാനം ഉടൻ തെറിച്ചെക്കുമെന്നാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനത്തോടെ പരിശീലകനെതിരെയുള്ള മുറവിളി ആരാധകർക്കിടയിൽ ഉയർന്നു തുടങ്ങിയിരുന്നു. അതുടനെ തന്നെ ഫലം കണ്ടേക്കുമെന്നാണ് സൂചനകൾ. മുൻ ടോട്ടൻഹാം പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോയുമായി യുണൈറ്റഡ് അധികൃതർ ബന്ധപ്പെട്ടു കഴിഞ്ഞതായാണ് ഏറ്റവും പുതിയ വാർത്തകൾ.
പ്രമുഖമാധ്യമമായ എംഇഎൻ ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ പോച്ചെട്ടിനോ എന്ത് പറഞ്ഞു വ്യക്തമല്ല. കഴിഞ്ഞ ആഴ്ച്ച നടന്ന ഒരു അഭിമുഖത്തിൽ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്താൻ താൻ സജ്ജനാണെന്നും ശരിയായ പ്രൊജക്റ്റ് ലഭിച്ചാൽ താൻ ഏറ്റെടുക്കുമെന്നും ഇദ്ദേഹം അറിയിച്ചിരുന്നു. മുമ്പ് തന്നെ ഇദ്ദേഹത്തെ എത്തിക്കാൻ യുണൈറ്റഡ് പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ഇത്തവണയെങ്കിലും ഫലം കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിലവിൽ ഫ്രീ ഏജന്റ് ആണ് പോച്ചെട്ടിനോ. പോച്ചെട്ടിനോ സമ്മതം മൂളിയാൽ സോൾഷ്യാറുടെ സ്ഥാനം തെറിച്ചേക്കുമെന്നുറപ്പാണ്.ഈ പ്രീമിയർ ലീഗിൽ മൂന്നു മത്സരങ്ങളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി അറിഞ്ഞത്. ആറ് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുള്ള യുണൈറ്റഡ് പോയിന്റ് ടേബിളിൽ പതിനഞ്ചാം സ്ഥാനത്താണ്. 1989-90 സീസണിന് ശേഷം ആദ്യ ഏഴ് മത്സരങ്ങളിൽ നാലെണ്ണത്തിൽ യുണൈറ്റഡ് തോൽവി അറിഞ്ഞിട്ടില്ല. ഈ വരുന്ന എവെർട്ടണെതിരെയുള്ള മത്സരത്തിൽ തോൽവി അറിഞ്ഞാൽ യുണൈറ്റഡിനെ കാത്തിരിക്കുന്നത് നാണക്കേടിന്റെ കണക്കുകളാണ്.