തകർപ്പൻ ജയത്തോടെ ബ്രസീൽ : അർജന്റീനക്ക് വീണ്ടും സമനില | Brazil |Argentina

സൗത്ത് അമേരിക്കൻ ഒളിമ്പിക്സ് യോഗ്യതാ ടൂർണമെൻ്റിലെ ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിലും സമനില വഴങ്ങി അര്ജന്റീന.അർജൻ്റീന U23 ടീം പരാഗ്വേക്കെതിരെ 3-3 സമനിലയിൽ പിരിഞ്ഞു. ആദ്യ മത്സരത്തിൽ വെനസ്വേലക്കെതിരെയും അര്ജന്റീന സമനില വഴങ്ങിയിരുന്നു. ഇതോടെ പാരീസ് ഒളിമ്പിക്സിനു യോഗ്യത നേടാം എന്ന അർജന്റീനയുടെ പ്രതീക്ഷകൾ ഇല്ലാതായിരിക്കുകയാണ്.

ബ്രസീൽ, പരാഗ്വേ, അർജൻ്റീന, വെനസ്വേല എന്നീ രാജ്യങ്ങൾ 2024 ഗെയിംസിനുള്ള റൗണ്ട് റോബിൻ ഫൈനൽ യോഗ്യതാ ഘട്ടത്തിൽ മത്സരിക്കുന്നത്. രണ്ടു ടീമുകൾക്ക് മാത്രമാണ് സൗത്ത് അമേരിക്കയിൽ നിന്നും ഒളിംപിക്സിന് യോഗ്യത നേടാൻ സാധിക്കുന്നത്.മത്സരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ പാബ്ലോ സൊളാരിയുടെ ഗോളിൽ ഹാവിയർ മഷറാനോയുടെ ടീം 1-0ന് ലീഡ് നേടി.42 ആം മിനുട്ടിൽ ഡീഗോ ഗോമസ് പരാഗ്വേക്ക് സമനില നേടിക്കൊടുത്തു. 70 ആം മിനുട്ടിൽ പരാഗ്വെ ലീഡ് നേടിയപ്പോൾ പെനാൽറ്റി കിക്ക് ഗോളാക്കി തിയാഗോ അൽമാഡ സമനില പിടിച്ചു.

പരാഗ്വേയ്‌ക്കായി 90-ാം മിനിറ്റിൽ എൻസോ ഗോൺസാലസ് സ്‌കോർ ചെയ്‌തു.എന്നാൽ എക്‌സ്‌ട്രാ ടൈമിൽ സ്‌കോർ ചെയ്‌ത് ഫെഡറിക്കോ റെഡോണ്ടോ അർജന്റീനയെ തോൽ‌വിയിൽ നിന്നും രക്ഷിക്കുകയും സമനില നേടികൊടുക്കുകയും ചെയ്തു.അർജൻ്റീന നിർണായകമായ അവസാന മത്സരത്തിൽ ബ്രസീലിനെ നേരിടും. രണ്ടു മത്സരങ്ങളിൽ നിന്നും രണ്ടു പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അര്ജന്റീന.

മറ്റൊരു മത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വെനസ്വേലയെ പരാജയപ്പെടുത്തി പാരീസ് 2024 യോഗ്യത പ്രതീക്ഷകൾ സജീവമാക്കി. ആദ്യ മത്സരത്തിൽ പരാഗ്വേയോട് ബ്രസീൽ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.കാരക്കാസിലെ ബ്രിഗിഡോ ഇരിയാർട്ടെ സ്റ്റേഡിയത്തിൽ നടനാണ് മത്സരത്തിൽ 57 ആം മിനുട്ടിൽ മൗറിസിയോ നേടിയ ഗോളിൽ ബ്രസീൽ ലീഡെടുത്തു. എന്നാൽ 67 ആം മിനുട്ടിൽ ബൊളിവർ നേടിയ ഗോളിലൂടെ വെനസ്വേല സമനില പിടിച്ചു.

88 ആം മിനുട്ടിൽ ഗിൽഹെർം ബിറോ നേടിയ ഗോളിൽ ബ്രസീൽ വിജയമുറപ്പിച്ചു. വിജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്നും മൂന്നു പോയിന്റുമായി ബ്രസീൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. നാല് പോയിന്റുള്ള പരാഗ്വേയാണ് ഒന്നാം സ്ഥാനത്ത് , വെനസ്വേല അവസാന സ്ഥാനക്കാരാണ്.

Rate this post
Argentina