ബാഴ്സലോണയുടെ ശക്തമായ വെല്ലുവിളിയെ മറികടന്ന് സ്പാനിഷ് ഫുട്ബോളിലെ കൗമാര വിസ്മയമായ റയൽ മയോർക്ക താരം റാഫേൽ ഒബ്രഡോറിനെ റയൽ മാഡ്രിഡ് സ്വന്തമാക്കി. പതിനാറുകാരനായ ലെഫ്റ്റ് ബാക്കിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയ വിവരം സ്പാനിഷ് മാധ്യമം മാർക്കയാണു വെളിപ്പെടുത്തിയത്.
വളരെക്കാലമായി റാഫേലിൽ താൽപര്യമുണ്ടായിരുന്ന റയൽ മാഡ്രിഡ് താരത്തിന്റെ സൈനിംഗ് പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്പെയിൻ U16 ടീമിനു വേണ്ടി കളത്തിലിറങ്ങിയിട്ടുള്ള താരം 2004ൽ തന്റെ നാലാം വയസിലാണ് സിഇ കാംപോസിലൂടെ കരിയർ ആരംഭിക്കുന്നത്.
2014ൽ റയൽ മയോർക്കയിലേക്കു ചേക്കേറിയ റാഫേൽ കഴിഞ്ഞ സീസണിന്റെ അവസാനം ഒസാസുനക്കെതിരെ ലാലിഗയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. റിസർവ് ടീമിൽ പോലും കളിക്കാതെയാണ് താരം നേരിട്ട് ലാലിഗയിൽ കളിച്ചത്. ഒക്ടോബറിൽ 2024 വരെയുള്ള സീനിയർ കരാറും താരം ഒപ്പിട്ടു.
റയലിലെത്തുന്ന താരം യൂത്ത് ടീമിനു വേണ്ടിയായിരിക്കും കളിക്കാനിറങ്ങുക. എന്നാൽ വളരെ വേഗം സീനിയർ ടീമിൽ ഇടം പിടിക്കാമെന്ന പ്രതീക്ഷയിലാണ് റാഫേൽ.