മികച്ച ഫോം നില നിർത്താൻ കഴിഞ്ഞില്ലെങ്കിൽ ബാഴ്സലോണ മധ്യനിര താരമായ സെർജിയോ ബുസ്ക്വറ്റ്സിന് യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിൽ ഇടമുണ്ടാകില്ലെന്നു മുന്നറിയിപ്പു നൽകി സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വ. 2009 സ്പെയിനു വേണ്ടി അരങ്ങേറ്റം കുറിച്ചതിനു ശേഷം 118 മത്സരങ്ങൾ കളിച്ച ബുസ്ക്വറ്റ്സ് പോർച്ചുഗലിനെതിരായ കഴിഞ്ഞ മത്സരത്തിൽ ടീമിന്റെ നായകനായിരുന്നു.
എന്നാൽ മുപ്പത്തിമൂന്നുകാരനായ താരത്തിന്റെ ഫോമിന് ഇപ്പോൾ വളരെയധികം ഇടിവു സംഭവിച്ചിട്ടുണ്ട്. താരത്തിന്റെ പൊസിഷന്‍ മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരമായ റോഡ്രിയിൽ നിന്നും സമ്മർദ്ദമുയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സ്പെയിൻ പരിശീലകൻ രംഗത്തെത്തിയത്.
“കഴിഞ്ഞ പതിനൊന്നു വർഷം പുലർത്തിയ നിലവാരം കാത്തു സൂക്ഷിച്ചാൽ ബുസ്ക്വറ്റ്സ് യൂറോ കപ്പ് മത്സരങ്ങൾക്ക് ഉണ്ടായിരിക്കും. അതു താഴേക്കു പോകുകയാണെങ്കിൽ എന്തു സംഭവിക്കുമെന്നു കണ്ടറിയണം.”
“ഒരു വെറ്ററൻ താരമെന്ന നിലയിൽ ഇതു മനസിലാക്കാൻ താരം തയ്യാറാകണം. പ്രായം പല സമയത്തും ഒരു നിർണായക ഘടകമാണ്. അതു ജീവിതത്തിലെ നിയമവുമാണ്. ആരും ഇരുപത്തിയെട്ടു വർഷം ദേശീയ ടീമിൽ കളിക്കുന്നില്ല.” എൻറിക്വ വ്യക്തമാക്കി.
കരിയറിൽ സാധ്യമായ എല്ലാ കിരീടവും സ്വന്തമാക്കിയ ബുസ്ക്വറ്റ്സിന്റെ മധ്യനിരയിലെ നിശബ്ദമായ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. താരത്തിനു യൂറോയിൽ ഇടം ലഭിച്ചില്ലെങ്കിൽ അതു സ്പെയിൻ ഇതിഹാസത്തിന്റെ ദേശീയ ടീമിലെ കരിയറിന്റെ അവസാനമായിരിക്കും.