“കുരങ്ങുകളിക്കണമെങ്കിൽ ബ്രസീലിൽ പൊയ്‌ക്കോളൂ”- വിനീഷ്യസിനെതിരെ വിവാദപ്രസ്‌താവന, മാഡ്രിഡ് ഡെർബിയിൽ ഡാൻസ് കളിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് കോക്കെ

ഫുട്ബോളിനെ എക്കാലവും ആസ്വദിക്കുന്നവരാണ് ബ്രസീലിയൻ താരങ്ങൾ. അതുകൊണ്ടു തന്നെ മൈതാനത്തെ അവരുടെ ഗോളാഘോഷങ്ങളിലും അതു കടന്നു വരാറുണ്ട്. എന്നാൽ യൂറോപ്പിലെ പല രാജ്യങ്ങളിലും ഗോളാഘോഷത്തിന്റെ പേരിൽ നടത്തുന്ന നൃത്തങ്ങളും താരങ്ങളുടെ മൈതാനത്തെ ചില സ്‌കില്ലുകളും അംഗീകരിക്കാറില്ല. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ മക്കാബി ഹൈഫക്കെതിരെ ഗോൾ നേടിയ നെയ്‌മർ നടത്തിയ ഗോളാഘോഷത്തിനു റഫറി മഞ്ഞക്കാർഡ് നൽകിയത് ഇതിനൊരു ഉദാഹരണമാണ്. ഇതിനെതിരെ നെയ്‌മർ സോഷ്യൽ മീഡിയയിലൂടെ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്‌തിരുന്നു.

ഇപ്പോൾ മറ്റൊരു ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയറിനെതിരെ സ്പെയിനിൽ നടന്ന ചില പ്രസ്‌താവനകളാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. മത്സരത്തിൽ ഗോളുകൾ നേടിയതിനു ശേഷം വിനീഷ്യസ് ജൂനിയർ നടത്തുന്ന ഡാൻസിംഗ് ഗോളാഘോഷത്തെ വിമർശിച്ച് സ്‌പാനിഷ്‌ ഏജന്റ് അസോസിയേഷൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഇതിനൊപ്പം അടുത്ത ദിവസം നടക്കുന്ന മാഡ്രിഡ് ഡെർബിയിൽ ഗോൾ നേടുകയാണെങ്കിൽ വിനീഷ്യസ് ഡാൻസ് കളിച്ചാൽ വാൻഡ മെട്രോപ്പോളിറ്റാനോയിലെ ആരാധകർ കുഴപ്പമുണ്ടാക്കുമെന്ന മുന്നറിയിപ്പ് അത്ലറ്റികോ മാഡ്രിഡ് നായകൻ കൊക്കെയും നൽകി.

വിനീഷ്യസിനെതിരെ സ്‌പാനിഷ്‌ ഏജന്റ് അസോസിയേഷൻ പ്രസിഡന്റ് നടത്തിയ പ്രതികരണം വിവാദമുണ്ടാക്കിയ ഒന്നായിരുന്നു. സ്പെയിനിൽ എതിരാളികളെ ബഹുമാനിക്കണമെന്നും ഡാൻസ് കളിക്കേണ്ടവർക്ക് ബ്രസീലിൽ പോകാമെന്നും പറഞ്ഞ അദ്ദേഹം കുരങ്ങുകളി ഇവിടെ പറ്റില്ലെന്നും കൂട്ടിച്ചേർത്തു. ഈ വാക്കുകൾ വിവാദമായതിനെ തുടർന്ന് അദ്ദേഹം പിന്നീട് മാപ്പു പറയുകയും ചെയ്‌തു. അതേസമയം താരങ്ങൾക്ക് അവർക്കിഷ്ടമുള്ളതു പോലെ ഗോളാഘോഷം നടത്താമെന്നും അതവരുടെ സ്വാതന്ത്ര്യമാണെന്നുമാണ് കോക്കെ ആദ്യം പറഞ്ഞതെങ്കിലും വിനീഷ്യസ് ഡാൻസ് കളിച്ചാൽ വാൻഡ മെട്രോപ്പോളിറ്റാനോയിലെ കാണികൾ അതിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും കൂട്ടിച്ചേർത്തു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിനീഷ്യസ് ജൂനിയറിനു പിന്തുണയുമായി നെയ്‌മർ രംഗത്തു വന്നിട്ടുണ്ട്. വിനീഷ്യസിന്റെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്‌ത നെയ്‌മർ അതിനൊപ്പം ഡ്രിബിൾ ചെയ്യാനും ഡാൻസ് ചെയ്യാനും അവനവനായി ഇരിക്കാനും പറയുന്നുണ്ട്. ഇനി വാൻഡ മെട്രോപൊളിറ്റാനോയിൽ നടക്കുന്ന മത്സരത്തിൽ വിനീഷ്യസ് ഗോൾ നേടുമോയെന്നും അതു നേടിയാൽ ഡാൻസിംഗ് സെലിബ്രെഷൻ നടത്തി ഇതിനെല്ലാം മറുപടി നൽകുമോയെന്നുമാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Rate this post
Atletico MadridBrazilNeymar jrReal MadridVinicius Junior