ലോകഫുട്ബോളിലെ യങ്‌ ടാലന്റുകളിലൊന്ന്; 21 കാരനെ സ്വന്തമാക്കി ഞെട്ടിച്ച് സൗദി അറേബ്യ

കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്ന് പോകുന്ന താരങ്ങളെയാണ് സൗദി ക്ലബ്ബുകൾ റാഞ്ചുന്നത് എന്ന പരിഹാസം നേരത്തെ തന്നെ യൂറോപ്പിൽ നിന്നുയർന്നിരുന്നു. എന്നാൽ ബ്രോൻസോവിച്ച്, നെയ്മർ തുടങ്ങീ കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്ന് പോകുന്ന താരങ്ങളെ സ്വന്തമാക്കി സൗദി ക്ലബ്ബുകൾ ആ പരിഹാസങ്ങൾക്കും മറുപടി നൽകി.

ഇപ്പോഴിതാ യൂറോപ്പിൽ നിന്നുള്ള എല്ലാം വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കിടിലൻ മറുപടി നൽകുന്നു ഒരു സൈനിങ്ങാണ് സൗദി ക്ലബ്‌ അൽ അഹ്ലി നടത്തിയിരിക്കുന്നത്. കേവലം 21 വയസ്സ് മാത്രം പ്രായമുള്ള ഗബ്രി വൈഗയെയാണ് അൽ അഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. 21 കാരനായ ഈ സ്പാനിഷ് മിഡ്‌ഫീൽഡർ ലോകത്തിലെ ഏറ്റവും മികച്ച യങ് ടാലന്റുകളിൽ ഒരാളായി കണക്കാക്കുന്ന താരം കൂടിയാണ്. അത്തരത്തിൽ ഒരു താരത്തെയാണ് അൽ അഹ്ലി സ്വന്തമാക്കിയിരിക്കുന്നത്.

സ്പാനിഷ് ക്ലബ്‌ സെൽറ്റയിൽ നിന്നാണ് താരത്തെ അൽ അഹ്ലി റാഞ്ചിയത്. 50 മില്യനാണ് താരത്തിന്റെ ട്രാൻസ്ഫറിലൂടെ സെൽറ്റ സ്വന്തമാക്കുന്നത്. താരത്തിനായി നേരത്തെ നപോളി, ചെൽസി തുടങ്ങിയ ടീമുകൾ രംഗത്ത് വന്നിരുന്നു. നേരത്തെ 36 മില്യണായിരുന്നു താരത്തിനായി സെൽറ്റയിട്ട തുക. എന്നാൽ അൽ അഹ്ലി 50 മില്യൺ ഓഫർ മുന്നോട്ട് വെച്ചപ്പോൾ താരവും ക്ലബ്ബും സൗദി തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ട് വർഷങ്ങൾക്ക് മുമ്പാണ് താരം സെൽറ്റയുടെ ബി ടീമിൽ നിന്നും സീനിയർ ടീമിലേക്കെത്തുന്നത്. സെൽറ്റയ്ക്കായി 50 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. സ്പെയിൻ അണ്ടർ 18, അണ്ടർ 21 ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.അതേ സമയം താരത്തിന്റെ നീക്കത്തിനെതിരെ സ്പെയിനിൽ നിന്നും ചില വിമർശനങ്ങൾ ഉയരുന്നുണ്ട്‌. സൗദി ഓഫർ സ്വീകരിച്ചത് താരത്തിന്റെ കരിയറിലെ മോശം തീരുമാനമായാണ് സ്പാനിഷ് ആരാധകർ കണക്കുകൂട്ടുന്നത്.

Rate this post