ലാലിഗ വമ്പന്മാരായ റയൽ മാഡ്രിഡ് അവരുടെ തട്ടകമായ സാന്റിയാഗോ ബെർണാബ്യു അടിമുടി മാറ്റാനുള്ള തയ്യാറെടുപ്പിലാണുള്ളത്. അതിനായി 500 മില്യൺ യൂറോയുടെ വമ്പൻ മുതൽമുടക്കോടെയുള്ള പദ്ധതിയാണ് റയൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നവീകരണ പരിപാടികളുടെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് റയൽ മാഡ്രിഡ്.
ഭീമാകാരമായ ലോഹബീമുകളും പില്ലറുകളും ഘടിപ്പിച്ച റയൽ മാഡ്രിഡ് സ്റ്റേഡിയത്തിന്റെ വീഡിയോയാണ് റയൽ മാഡ്രിഡ് ആരാധകർക്കായി അവതരിപ്പിച്ചിരിക്കുന്നത്. 73 വർഷത്തെ ചരിത്രമുള്ള സ്റ്റേഡിയത്തിന്റെ നവീകരണം കഴിഞ്ഞ സമ്മർ അവധികാലത്തു തുടങ്ങണമെന്ന് തീരുമാനിച്ചതാണ്. എന്നാൽ കോവിഡ് മഹാമാരിയുടെ പ്രഭാവം ആ നീക്കത്തെ വൈകിപ്പിക്കുകയായിരുന്നു.
നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പുതിയ സീസണിൽ റിസർവ് ടീം കളിച്ചിരുന്ന ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിലാണ് ഹോം മത്സരങ്ങൾ കളിക്കുന്നത്. ബെർണാബ്യുവിന്റെ മുകൾവശം മൂടുന്ന രീതിയിലുള്ളതും ആവശ്യമുള്ളപ്പോൾ തുറക്കാവുന്നതുമായ ഡിസൈൻ ആണ് നിർമ്മിക്കാനൊരുങ്ങുന്നത്. സ്റ്റേഡിയത്തിനുള്ളിൽ 360 വീഡിയോ സ്ക്രീനും പുതിയ സീറ്റുകളും ഉൾപ്പെടുത്തും.
അടുത്ത 18 അല്ലെങ്കിൽ 24 മാസങ്ങൾക്കുള്ളിലാണ് സ്റ്റേഡിയത്തിന്റെ മൊത്തം മിനുക്കു പണികളും പൂർത്തിയാവുകയുള്ളുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 2022 ഒക്ടോബറിൽ മുഴുവൻ പണികളും തീർക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഫ്ലോരെന്റിനോ പെരെസ് സ്റ്റേഡിയം നവീകരണ പദ്ധതി ആരാധകർക്ക് മുൻപായി അവതരിപ്പിക്കുന്നത്.