റയൽ മാഡ്രിഡിനെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിനു മുൻപ് റഹീം സ്റ്റെർലിങ്ങ് മുൻ ബാഴ്സലോണ താരമായ ഗാരി ലിനേക്കർ വഴി ബിടി സ്പോർടിനോട് ചില വീഡിയോസ് ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ. ലിനേക്കർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാംപാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു വിജയം നേടിയപ്പോൾ ആദ്യ ഗ്രാൾ സ്റ്റെർലിങ്ങിന്റെ വകയായിരുന്നു.
കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ടോട്ടനം ഹോസ്പറിനോട് സിറ്റി തോൽവി വഴങ്ങിയിരുന്നു. ഈ മത്സരത്തിന്റെ വീഡിയോയാണ് സ്റ്റെർലിങ്ങ് ബിടി സ്പോർട്ടിനോട് ആവശ്യപ്പെട്ടത്. റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനു വേണ്ടിയും തന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇതു സ്റ്റെർലിംഗ് ആവശ്യപെട്ടത്.
ഇക്കാര്യം മറ്റുള്ളവരോട് ഷെയർ ചെയ്യാൻ കഴിയുമോയെന്ന് തനിക്കറിയില്ലെന്നും എന്നാൽ റയലിനെതിരായ മത്സരത്തെക്കുറിച്ച് അത്രയധികം ചിന്തിക്കുന്നതു കൊണ്ടും അന്നു ടോട്ടനത്തിനെതിരെയുണ്ടായ തോൽവിയെ പാഠമാക്കി മികച്ച രീതിയിൽ ഒരുങ്ങുന്നതിനും വേണ്ടി സ്റ്റെർലിങ്ങ് ചെയ്ത ഇക്കാര്യം മാതൃകയാണെന്നും ലിനേക്കർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ സീസണിൽ സിറ്റിയുടെ യൂറോപ്യൻ കിരീട പ്രതീക്ഷകൾ തകർത്ത് എവേ ഗോളിലാണ് ടോട്ടനം വിജയം നേടിയത്. ആ മത്സരത്തിന്റെ ക്ഷീണം ഇത്തവണ മാറ്റുന്നതിന് സ്റ്റെർലിങ്ങ് ഒരുങ്ങുന്നുണ്ടെന്നാണു കരുതേണ്ടത്. ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളിലൊന്ന് സിറ്റിയാണ്.