മെസ്സിയുടെ ഫ്രീകിക്ക് തടയുക എന്നുള്ളത് ബുദ്ധിമുട്ടുള്ള പണിയാണ് : ഡോണ്ണാരുമ

ലീഗ് വണ്ണിലെ കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജി നീസിന് മേൽ വിജയം നേടിയത്. ലയണൽ മെസ്സിയുടെ ഒരു മനോഹരമായ ഫ്രീകിക്കാണ് പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തത്.എന്നാൽ നീസ് തിരിച്ചടിച്ചെങ്കിലും എംബപ്പേയുടെ ഗോളിലൂടെ പിഎസ്ജി വിജയം നേടുകയായിരുന്നു.

ലയണൽ മെസ്സിയുടെ ഫ്രീകിക്ക് തന്നെയാണ് ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ഗോൾകീപ്പർക്ക് ഒരു അവസരവും നൽകാതെ ഗോൾ പോസ്റ്റിന്റെ മൂലയിലേക്ക് മെസ്സിയുടെ ഫ്രീകിക്ക് പറന്നിറങ്ങുകയായിരുന്നു. മെസ്സി പിഎസ്ജിക്ക് വേണ്ടി നേടുന്ന ആദ്യത്തെ ഫ്രീകിക്ക് ഗോളും കരിയറിലെ അറുപതാമത്തെ ഫ്രീകിക്ക് ഗോളുമായിരുന്നു ഇത്.

മെസ്സിയുടെ ഫ്രീകിക്ക് ഗോൾ തന്നെയാണ് മത്സരശേഷവും ചർച്ചയായത്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളും പിഎസ്ജി ഗോൾകീപ്പറുമായ ജിയാൻ ലൂയിജി ഡോണ്ണാരുമയും മെസ്സിയുടെ ഫ്രീകിക്ക് ഗോളിനെ കുറിച്ച് മത്സരശേഷം സംസാരിച്ചിട്ടുണ്ട്.മെസ്സിയുടെ ഫ്രീകിക്ക് തടയുക എന്നുള്ളത് ബുദ്ധിമുട്ടുള്ള പണിയാണ് എന്നാണ് ഡോണ്ണാരുമ പറഞ്ഞത്.

‘ മത്സരം വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. പക്ഷേ ഞങ്ങൾ നല്ല രൂപത്തിൽ കളിച്ചു. എല്ലാ പൊസിഷനിലും ഞങ്ങൾക്ക് വളരെ മികച്ച താരങ്ങളുണ്ട്.മാത്രമല്ല ഞങ്ങളുടെ മുന്നേറ്റ നിര അസാധാരണമായ ഒരു മുന്നേറ്റ നിരയാണ്. മെസ്സിയുടെ ഫ്രീകിക്കിനെ പറ്റി പറയുകയാണെങ്കിൽ,അത് തടയുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ ഒരു പണിയാണ് ‘ ഇറ്റാലിയൻ ഗോൾ കീപ്പർ കൂടിയായ ഡോണ്ണാരുമ പറഞ്ഞു.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മെസ്സി ഫ്രീകിക്ക് ഗോൾ നേടുന്നത്.അർജന്റീനക്ക് വേണ്ടി കഴിഞ്ഞ ജമൈക്കക്കെതിരെയുള്ള മത്സരത്തിലും മെസ്സി ഗ്രൗണ്ട് ഷോട്ടിലൂടെ ഫ്രീകിക്ക് ഗോൾ നേടിയിരുന്നു.ബാഴ്സക്ക് വേണ്ടി 50 ഫ്രീകിക്ക് ഗോളുകളും അർജന്റീനക്ക് വേണ്ടി 9 ഫ്രീകിക്ക് ഗോളുകളും പിഎസ്ജിക്ക് വേണ്ടി ഒരു ഫ്രീകിക്ക് ഗോളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.

Rate this post
Lionel Messi