കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിലെ ഡ്യൂറൻഡ് കപ്പിൽ ഹാട്രിക് നേടുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ബിദ്യാസാഗർ സിംഗ് ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും. താരം പഞ്ചാബ് എഫ്സി യിലേക്ക് പോകുമെന്നുള്ള വാർത്തകൾ പ്രചരിച്ചങ്കിലും താരം ഈ സീസണിലും ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ പുറത്തുവിടുന്ന കെ ബി എഫ് സി എക്സ്ട്രാ എന്ന എക്സ് അക്കൗണ്ട് റിപ്പോർട്ട് ചെയ്യുന്നു.
താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ പഞ്ചാബ് നടത്തിയിരുന്നു. താരവുമായും ബ്ലാസ്റ്റേഴ്സുമായും പഞ്ചാബ് വാക്കാലുള്ള ധാരണയിലെത്തിയിരുന്നതായും എന്നാൽ കരാർ ധാരണയിലെത്താൻ പഞ്ചാബിന് സാധിച്ചില്ലെന്നും അതിനാൽ താരം ഈ സീസണിലും പഞ്ചാബിൽ തുടരുമെന്നാണ് കെ ബി എഫ് സി എക്സ്ട്രാ റിപ്പോർട്ട് ചെയ്യുന്നത്.
ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കിയതോടെ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. ഇതോടുകൂടിയാണ് താരം പഞ്ചാബിലേക്ക് പോകാനും താരത്തെ പഞ്ചാബിലേക്ക് വിടാനും ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്. എന്നാൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിലാണ് ഈ ശ്രമങ്ങൾ നടന്നത് എന്നതിനാൽ കരാർ നടപടികൾ പൂർത്തീകരിക്കാൻ പഞ്ചാബിന് സാധിക്കാതെ വരികയായിരുന്നു.
കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. പിന്നീട് താരവുമായി സ്ഥിര കരാറിൽ ബ്ലാസ്റ്റേഴ്സ് ഏർപ്പെട്ടെങ്കിലും താരത്തിന് കൂടുതൽ അവസരങ്ങൾ ബ്ലാസ്റ്റേഴ്സിൽ ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണത്തെ ഡ്യുറണ്ട് കപ്പിൽ ഹാട്രിക് നേടാൻ താരത്തിന് സാധിച്ചു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ബിദ്യാസാഗർ.
🚨 | Punjab FC had reached an agreement with striker Bidyashagar Singh but couldn't wrap up the deal with Kerala Blasters FC, the deal is OFF and Bidya stays. [@ansonjaison_3] #IndianFootball https://t.co/pqrlAV4zdj
— 90ndstoppage (@90ndstoppage) September 1, 2023
പഞ്ചാബ് എഫ്സിയുമായുള്ള പരിശീലന മത്സരത്തിലും താരം ഒരു ഗോൾ നേടിയിരുന്നു. ഇത്തരത്തിൽ താരം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഡയമന്തക്കോസ്, ക്വമി പെപ്ര, ഇഷാൻ പണ്ഡിത തുടങ്ങിയ താരങ്ങൾക്കിടയിൽ താരത്തിന് അവസരം ലഭിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്.