സൂപ്പർ താരം ലൂയിസ് സുവാരസിന് പുറത്തേക്കുള്ള വാതിലുകൾ ബാഴ്സ തുറന്നിട്ടു എന്നുള്ള വാർത്തകൾ വരാൻ ആരംഭിച്ചത് ബാഴ്സ ബയേണിനോട് തോറ്റതിന് പിന്നാലെയാണ്. സുവാരസ് അടക്കമുള്ള പ്രമുഖതാരങ്ങൾ ഇപ്പോൾ ബാഴ്സയിൽ നിന്നും പുറത്താവലിന്റെ വക്കിൽ ആണ്. ഒരു വർഷം കൂടി സുവാരസിന് കരാർ അവശേഷിക്കുന്നുണ്ടെങ്കിലും പുതിയ പരിശീലകൻ കൂമാന്റെ പദ്ധതികളിൽ ലൂയിസ് സുവാരസിന് ഇടമില്ല എന്നുള്ളത് പ്രമുഖമാധ്യമങ്ങൾ വ്യക്തമാക്കി കഴിഞ്ഞിരുന്നു. എന്നാൽ ചില ഉറുഗ്വൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് സുവാരസ് ക്ലബിൽ തന്നെ തുടരുമെന്നും കൂമാന് കീഴിൽ സ്ഥാനത്തിന് വേണ്ടി പൊരുതുമെന്നാണ്.
എന്നാൽ കഴിഞ്ഞ ദിവസം സുവാരസിന് വേണ്ടി താരത്തിന്റെ മുൻ ക്ലബ് അയാക്സ് ബാഴ്സയെ സമീപിച്ചിരുന്നു. സുവാരസിന് വേണ്ടി ക്ലബിന്റെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുകയാണെന്ന് കഴിഞ്ഞ ദിവസം അയാക്സ് സ്പോർട്ടിങ് മാർക്ക് ഓവർമാർസ് അറിയിച്ചിരുന്നു. ഉറുഗ്വൻ ജേണലിസ്റ്റ് ആയ എൻസോ ഒലിവെരയാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തത്. സുവാരസിന് വേണ്ടി 15 മില്യൺ യുറോയാണ് അയാക്സ് ബാഴ്സക്ക് ഓഫർ ചെയ്തത്. ഈ തുക പുറത്ത് വിട്ടത് ട്യൂട്ടോമെർകാറ്റോയാണ്. 13.5 മില്യൺ പൗണ്ട് ആണ് ഇത് വരിക.
ഈ ഓഫർ എഫ്സി ബാഴ്സലോണ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷെ താരത്തിന് വേണ്ടി കൂടുതൽ തുക ബാഴ്സ ആവിശ്യപ്പെട്ടേക്കും 15 മില്യൺ വളരെ കുറവാണെന്നും 27-30 മില്യൺ യുറോക്കിടയിൽ താരത്തിന് വേണ്ടി ലഭിക്കണമെന്നുമാണ് ബാഴ്സയുടെ നിലപാട്. എന്നാൽ അയാക്സ് ഇത്രയും തുക നൽകുമോ എന്ന് സംശയമാണ്. അതിനാൽ തന്നെ സുവാരസിന് വേണ്ടിയുള്ള വിലപേശലുകൾ തുടരും. എഫ്സി ബാഴ്സലോണ സുവാരസിനോട് ക്ലബ് വിടാൻ അറിയിച്ചതായും വാർത്തകൾ ഉണ്ട്. അയാക്സിനെ കൂടാതെ എംഎൽഎസ്സിലെ ഇന്റർമിയാമി, യുവന്റസ് എന്നീ ക്ലബുകളും ട്രാൻസ്ഫർ മാർക്കറ്റിൽ ഉണ്ട്. പക്ഷെ സുവാരസിന് പ്രിയം തന്റെ പഴയ ക്ലബ് തന്നെ ആയിരിക്കും. 2007 മുതൽ 2011 വരെ അയാക്സിൽ കളിച്ച സുവാരസ് 159 മത്സരങ്ങളിൽ നിന്ന് 111 ഗോളുകളാണ് അടിച്ചു കൂട്ടിയത്.