സൂപ്പർ താരം ലൂയിസ് സുവാരസിന് ഈ വരുന്ന സീസണിൽ ബാഴ്സ ടീമിൽ ഇടമില്ല എന്ന് താരത്തെ അറിയിച്ചത് പുതിയ പരിശീലകൻ റൊണാൾഡ് കൂമാനായിരുന്നു. ഇതോടെ സുവാരസ് പുതിയ തട്ടകം തേടിതുടങ്ങി. ഒടുവിൽ സുവാരസ് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിലേക്ക് ചേക്കേറുമെന്ന് വാർത്തകൾ പരന്നു. യുവന്റസും താരവും തമ്മിൽ കരാറിലെത്തിയതായി മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.
യുവന്റസിന്റെ നിബന്ധനകൾ എല്ലാം തന്നെ സുവാരസ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 13+3 മില്യൺ യുറോക്ക് ബാഴ്സയും യുവന്റസും തമ്മിൽ കരാറിലെത്തിയതായും താരത്തിന്റെ പാസ്പോർട്ട് സംബന്ധമായ പ്രശ്നങ്ങളാണ് ഡീൽ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തടസ്സമായി നിൽക്കുന്നതെന്നുമായിരുന്നു റിപ്പോർട്ടുകൾ. മാത്രമല്ല എഫ്സി ബാഴ്സലോണയിൽ നിന്ന് കരാർ പ്രകാരം ബാക്കിയുള്ള ഒരു വർഷത്തെ സാലറി കൂടി തനിക്ക് കിട്ടണമെന്ന് സുവാരസ് ആവിശ്യപ്പെട്ടിരുന്നു. എന്നാലിപ്പോഴിതാ യുവന്റസുമായുള്ള ചർച്ചകൾ സുവാരസ് തൽക്കാലം നിർത്തിവെച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തേക്കുവരുന്നത്.
കറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയിലേക്ക് പോവുന്നതിനേക്കാൾ സുവാരസിന് പ്രിയം സ്പെയിൻ തന്നെയാണ്. അതിനാൽ തന്നെ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഓഫർ താരം പരിഗണിച്ചെക്കുമെന്നാണ് വാർത്തകൾ. മുമ്പ് തന്നെ പരിശീലകൻ സിമിയോണി സുവാരസിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. ക്ലബ് വിടുന്ന ഡിയഗോ കോസ്റ്റയുടെ പകരക്കാരൻ എന്ന രൂപത്തിലാണ് സുവാരസിനെ പരിഗണിക്കുന്നത്. അത്കൊണ്ട് തന്നെ അത്ലറ്റിക്കോ മാഡ്രിഡിനാണ് സുവാരസ് ഇപ്പോൾ മുൻഗണന നൽകുന്നത്.
അതേ സമയം സുവാരസിനെ ലഭിച്ചില്ലെങ്കിൽ അത്ലറ്റികോ മാഡ്രിഡിന്റെ താരത്തെ ടീമിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് യുവന്റസ്. സ്പാനിഷ് താരം അൽവാരോ മൊറാറ്റയെയാണ് യുവന്റസ് ലക്ഷ്യമിടുക. പക്ഷെ സുവാരസിന്റെ തീരുമാനത്തിന് ശേഷം മാത്രമേ ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കുകയൊള്ളൂ. മുമ്പ് യുവന്റസിന് വേണ്ടി കളിച്ച താരമാണ് മൊറാറ്റ. സിമിയോണിക്ക് സുവാരസിനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ സുവാരസ് യുവന്റസ് തന്നെ തിരഞ്ഞെടുത്തേക്കും.