കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിൽ സുവാരസ് ബാഴ്‌സക്കെതിരെ രൂക്ഷവിമർശനമുയർത്തിയിരുന്നു. തന്നെ ക്ലബ് ഒഴിവാക്കുന്നത് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും അതിന് ശേഷമാണ് പരിശീലകൻ തന്നെ വിളിച്ചതെന്നുമാണ് സുവാരസ് അറിയിച്ചത്. വളരെ മോശമായ രീതിയിലാണ് ബാഴ്‌സ തന്നെ കൈകാര്യം ചെയ്തതെന്നാണ് സുവാരസ് തുറന്നു പറഞ്ഞത്.
എന്നാലിപ്പോൾ ഈ വിഷയത്തിൽ സുവാരസിനെതിരെ കടുത്ത രീതിയിൽ പ്രതികരിച്ചിരിക്കുകയാണ് ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാൻ. താൻ സുവാരസിന് ബാഴ്‌സയിൽ തുടരാൻ അവസരം നൽകിയിരുന്നുവെന്നും എന്നാൽ താരം അത് വകവെക്കാതെ ബാഴ്‌സ വിടുകയുമാണ് ചെയ്തതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കൂമാൻ. NOS-ന് നൽകിയ ഇന്റർവ്യൂവിലാണ് കൂമാൻ സുവാരസിന്റെ വിഷയത്തിൽ വ്യക്തത വരുത്തിയത്. അദ്ദേഹം നല്ല രീതിയിൽ പരിശീലനം നടത്തിയിരുന്നുവെന്നും അദ്ദേഹത്തിന് ബാഴ്‌സയിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിൽ തുടരാമായിരുന്നുവെന്നും കൂമാൻ പറഞ്ഞു.
” സുവാരസിന്റെ കാര്യത്തിൽ, അദ്ദേഹത്തെ കളിപ്പിക്കൽ ബുദ്ദിമുട്ടേറിയ ഒന്നായിരുന്നു. ഞാൻ അദ്ദേഹത്തോടെ അത് സത്യസന്ധ്യമായി തുറന്നുപറയുകയും ചെയ്തു. അദ്ദേഹത്തിന് ആ ബുദ്ധിമുട്ട് മനസ്സിലായിരുന്നു. പക്ഷെ എനിക്ക് അദ്ദേഹവുമായി ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. അദ്ദേഹം ബാഴ്സയിൽ നല്ല രീതിയിൽ തന്നെയാണ് പരിശീലനം നടത്തിയത് ” കൂമാൻ തുടർന്നു.
” അദ്ദേഹം ബാഴ്‌സ വിടാൻ തീരുമാനിച്ചപ്പോൾ ഞാൻ സുവാരസിനോട് പറഞ്ഞത് ഇങ്ങനെയാണ്. ‘നിനക്ക് ബാഴ്സ വിട്ടു പോവാൻ ആഗ്രഹമില്ലെങ്കിൽ തീർച്ചയായും നീ ഞങ്ങളിൽ ഒരാളായിരിക്കും. എന്നിട്ട് നീ ഇവിടെ കളിച്ചു കൊണ്ട് എന്റെ തീരുമാനം തെറ്റായിരുന്നു എന്ന് തെളിയിക്കണം ‘.എന്നാൽ സുവാരസ് ഇത് അംഗീകരിച്ചില്ല. അദ്ദേഹം ബാഴ്സ വിടുകയായിരുന്നു. അദ്ദേഹത്തിന് ബാഴ്‌സയിൽ തുടരാനുള്ള അവസരം ഞാൻ നൽകിയിരുന്നു ” കൂമാൻ അവസാനിപ്പിച്ചു.