ഈ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ വിട്ട് മറ്റേതെങ്കിലും ക്ലബ് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ലൂയിസ് സുവാരസ്. താരത്തെ ഏറ്റവും കൂടുതൽ ബന്ധപ്പെടുത്തി കൊണ്ട് വാർത്തകൾ വന്നത് യുവന്റസുമായിട്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അക്കാര്യത്തിൽ നിർണായകവഴിത്തിരിവ് സംഭവിച്ചിരുന്നു. സുവാരസ് ഇറ്റാലിയൻ പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ ശേഷം യുവന്റസ് റോമയുടെ സെക്കോ സൈൻ ചെയ്തതായി പ്രമുഖ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.
ഇപ്പോൾ സുവാരസ് യുവന്റസിലേക്ക് എത്താനുള്ള സാധ്യതകളെ വിശദീകരിച്ചിരിക്കുകയാണ് പരിശീലകൻ പിർലോ. ഇനി താരം യുവന്റസിന്റെ സ്ട്രൈക്കറാവാൻ ബുദ്ധിമുട്ടാണ് എന്നാണ് പിർലോ അറിയിച്ചാത്. താരത്തിന്റെ പാസ്പോർട്ടുമായുള്ള നടപടിക്രമങ്ങൾ സമയത്തിന് നടക്കാത്തത് ആണ് താരത്തിന്റെ ട്രാൻസ്ഫർ ക്ലബ് ഉപേക്ഷിക്കാൻ കാരണമെന്നും പിർലോ അറിയിച്ചു. ഇതോടെ സുവാരസിന്റെ യുവന്റസ് മോഹം അവസാനിച്ചിരിക്കുകയാണ്.
” സുവാരസ് ഇവിടെ എത്തിച്ചേരാൻ വളരെയധികം ബുദ്ദിമുട്ടാണ്. കാരണം അദ്ദേഹത്തിന് പാസ്പോർട്ട് സമയത്തിന് ലഭിച്ചില്ല. എനിക്കറിയാം ഇത്തരം കാര്യങ്ങൾക്ക് സമയം എടുക്കുമെന്നുള്ളത്. ഞാൻ കരുതുന്നിടത്തോളം ഞങ്ങളുടെ അടുത്ത സെന്റർ ഫോർവേഡ് ആവാൻ സുവാരസിന് കഴിയില്ല ” പിർലോ പറഞ്ഞു.
ഇതോടെ സുവാരസ് മറ്റൊരു തട്ടകം തേടേണ്ടി വരും. എംഎൽഎസ്സിൽ നിന്നുള്ള പുതിയ ഓഫറും താരം നിരസിച്ചിരുന്നു. ഇനി അത്ലെറ്റിക്കോ മാഡ്രിഡ് ആണ് താരത്തെ നോട്ടമിട്ടവരിൽ മുൻപന്തിയിൽ ഉള്ളത്. താരത്തിന് അടുത്ത വർഷം വരെ ബാഴ്സയിൽ കരാർ അവശേഷിക്കുന്നുണ്ട്. താരം തുടരാൻ തീരുമാനിച്ചാൽ ടീമിന്റെ ഭാഗമാക്കുമെന്ന് കൂമാൻ തുറന്നു പറഞ്ഞിരുന്നു.